നമ്മുടെ നാട്ടിൽ മാങ്ങയുടെ സീസൺ ആരംഭിച്ച് തുടങ്ങി. മാവിലെ പച്ച മാങ്ങകൾ എല്ലാം പഴുത്ത് തുടങ്ങിട്ടുണ്ട്. വിപണിയിൽ നല്ല മഞ്ഞ നിറത്തിലുള്ള മൽഗോവ, സേലും തുടങ്ങിയ മാമ്പഴവും എത്തി തുടങ്ങി. ഫലങ്ങളിലെ രാജാവായ മാമ്പഴം ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമെ കാണൂ. സീസണൽ പഴം വർഗമായതിനാൽ ആ രുചി ആസ്വദിക്കാൻ മിക്കവർക്കും ഒരു കൊതി തന്നെ ഉണ്ടാകും. എന്നാൽ പ്രമേഹ രോഗികൾക്കാണെങ്കിൽ ഈ മധുരം ആസ്വദിക്കാൻ അൽപം ആശങ്കയുണ്ട്. തങ്ങൾക്ക് മാമ്പഴത്തിന്റെ രൂചി ആസ്വദിക്കാൻ സാധിക്കുമോ എന്ന സംശയമാണ് മിക്ക പ്രമേഹ രോഗികൾക്കും ഉള്ളത്.
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാൻ സാധിക്കുമോ?
വൈറ്റമിൻ സി തുടങ്ങിയ നിരവധി പേഷകദാതുക്കൾ അടങ്ങിയ പഴമാണ് മാമ്പഴം. എന്നാൽ പഴുത്ത മാങ്ങയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് പ്രമേഹ രോഗികളെ മാമ്പഴം കഴിക്കുന്നതിൽ നിന്നും പിന്നോട്ട് വലിച്ചേക്കും. എന്നാൽ മാമ്പഴം കഴിക്കാനുള്ള പ്രമേഹം രോഗികളുടെ ആഗ്രഹം അങ്ങനെ പൂർണമായിട്ടും നീക്കിവെയ്ക്കേണ്ട. വിദഗ്ധരുടെ അഭിപ്രായ പ്രകാരം പ്രമേഹ രോഗികൾക്ക് കൃത്യമായ അളവിൽ മാമ്പഴം ഭക്ഷിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അധികം വർധിക്കാതെ തന്നെ അതിന്റെ രുചി അവർക്ക് അസ്വദിക്കാൻ സാധിക്കുമെന്നാണ്.
രക്തത്തിലുള്ള പ്രമേഹത്തിന്റെ അളവ് കൃത്യമായി ബാലൻസ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏത് മാമ്പഴവും ഭക്ഷിക്കാൻ സാധിക്കും. അല്ലാത്തപക്ഷമാണെങ്കിൽ അൽപം നിയന്ത്രണത്തോടെ തന്നെ വേണം മാമ്പഴം ഭക്ഷിക്കേണ്ടത്. ഒരു പഴുത്ത മാങ്ങയിൽ അടങ്ങിയിരിക്കുന്നത് 15ഗ്രാം കാർബോഹൈഡ്രേറ്റുകളാണ്. സാധാരണ ഒരാൾക്ക് പഴങ്ങളിലൂടെ 30 ഗ്രാം കാർബോഹൈഡ്രേറ്റുകൾ ഭക്ഷിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പ്രമേഹ രോഗികൾ മാങ്ങയിലെ മധുരത്തിന്റെ അളവ് മനസ്സിലാക്കി വേണം മാമ്പഴം ഭക്ഷിക്കേണ്ടത്. ഇതുപോലെ തന്നെ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യമാണ് രക്തിത്തിലെ പൊട്ടാസീയത്തിന്റെ അളവ്. മധുരം അധികമായാൽ പ്രമേഹ രോഗികളിൽ രക്തിത്തിലെ പൊട്ടാസീയത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്.
ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം?
പ്രമേഹം ഉള്ളവർ ഒരു ദിവസം പരമാവധി അര കപ്പ് മാമ്പഴം കഴിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജ്യൂസ് അടിച്ച് കിട്ടുന്ന അര കപ്പ് അളവ് അല്ല. മാങ്ങ പൂളി ലഭിക്കുന്ന ആ അളവാണ് അര കപ്പ് എന്നുകൊണ്ട് വിദഗ്ധർ ഉദ്ദേശിക്കുന്നത്. ഈ അളവിന് മുകളിൽ പഴുത്ത മാങ്ങ നിങ്ങൾ ഭക്ഷിച്ചാൽ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് ഏത് തരത്തിലുള്ള പ്രമേഹമാണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ വേണം മാമ്പഴം ഭക്ഷിക്കേണ്ട അളവ് കരുതാൻ. ഇതിനായി നിങ്ങൾ ഒരു നുട്രീഷനെ സമീപിക്കുന്നത് ഉത്തമമാണ്.
എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരിക്കലും ഒരു നേരത്തെ ആഹാരം കഴിച്ചതിന് തൊട്ട് പിന്നാലെ മാമ്പഴം ഒരു ഡെസ്സേർട്ട് പോലെ ഭക്ഷിക്കാൻ പാടില്ല. രണ്ട് നേരത്തെ അഹാരങ്ങൾക്കിടെയിലുള്ള ഇടവേളകളിൽ മാത്രമെ പറഞ്ഞ അളവിൽ മാമ്പഴം കഴിക്കാവൂ. ജ്യൂസായി കഴിക്കുന്നതിലും ഉത്തമം മുറിച്ച് കഷണങ്ങളാക്കി ഭക്ഷിക്കുന്നതാണ്. വലിയ തോതിൽ രക്തത്തിലെ പ്രമേഹത്തിലെ അളവ് വർധിച്ചവർ അത് കുറച്ചതിന് ശേഷം മാത്രമെ പഴുത്ത മാങ്ങ ഭക്ഷിക്കാവൂ.
രാവിലത്തെ വ്യായാമത്തിന് ശേഷമോ, അല്ലെങ്കിൽ ഏത് സമയമാണോ നിങ്ങൾ വ്യായാമം ചെയ്യുന്നത് അതിന് ശേഷം മാമ്പഴം ഭക്ഷിക്കുന്നതാണ് നല്ലത്. കുക്കുമ്പർ, നട്ട്സ് തുടങ്ങിയവയ്ക്കൊപ്പം സാലഡായിട്ടും മാമ്പഴം ഭക്ഷിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ മാങ്ങ ഭക്ഷിക്കുന്ന ദിവസങ്ങളിൽ നിങ്ങൾ ദിവസംപ്രതി കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കേണ്ടതാണ്. അതായത് നിങ്ങൾ മൂന്ന് ചപ്പാത്തിയാണ് ഉച്ചയ്ക്ക് കഴിക്കുന്നതെങ്കിൽ അത് രണ്ടാക്കി കുറച്ച് ശരീരത്തിലെ കാർബോഹൈഡ്രേറ്റ് ക്രമപ്പെടുത്തേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...