പാലക്കാട്: രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് കെഎസ്ആർടിസി ഇയാളെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബൈക്കിന്റെയും കെഎസ്ആർടിസി ബസിന്റെയും ദൃശ്യങ്ങൾ പുറകിലുണ്ടായിരുന്ന കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി ഏഴിനാണ് അപകടം നടന്നത്. പാലക്കാട് നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കുഴൽമന്ദത്ത് വച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...