തിരുവനന്തപുരം: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺകൃഷ്ണയാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നു. കേസിലെ പ്രധാന പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട അഖിലിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. വാടകയ്ക്ക് എടുത്ത വാഹനം ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. കസ്റ്റഡിയിലെടുത്ത കാർ ഫോറൻസിക് സംഘം പരിശോധിക്കുന്നു.
അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു. അഖിലിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു കാറിലെത്തിയ സംഘം അഖിലിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. അഖിലിനെ തലയോട്ടി പിളർന്ന നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം.
കേസിലെ നാല് പേരും 2019ലെ അനന്തു വധക്കേസിലെ പ്രതികളാണ്. വിചാരണ വൈകിയതോടെ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കൊലപാതകം നടത്തിയത്. മുൻവൈരാഗ്യം കാരണമാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ കല്ലുകൊണ്ട് അഖിൽ തലയ്ക്കടിച്ച് ആക്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy