IPL 2023: 27 ബോളിൽ 61 റൺസ്, രഹാനെയുടെ ബാറ്റിങ് മികവിൽ ചെന്നൈക്ക് രണ്ടാം ജയം; മുംബൈയെ 7 വിക്കറ്റിന് വീഴ്ത്തി

CSK vs MI: മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയം നേടിയ ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസ് എട്ടാം സ്ഥാനത്തും.   

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 06:34 AM IST
  • ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡെവൻ കോൺവ റണ്ണുകളെടുക്കാതെ മടങ്ങിയത് ചെന്നൈ ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയിരുന്നു.
  • എന്നാൽ പിന്നീടെത്തിയ അജിൻക്യ രഹാനെ കളംനിറഞ്ഞതോടെ മുംബൈക്ക് തോൽവി നേരിടേണ്ടി വന്നു.
  • മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ രഹാനെയും ബാറ്റിങ് ആണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്.
IPL 2023: 27 ബോളിൽ 61 റൺസ്, രഹാനെയുടെ ബാറ്റിങ് മികവിൽ ചെന്നൈക്ക് രണ്ടാം ജയം; മുംബൈയെ 7 വിക്കറ്റിന് വീഴ്ത്തി

മുംബൈ: മുംബൈ ഇന്ത്യൻസിനെ ഏഴു വിക്കറ്റിന് തകർത്ത് ചെന്നൈയുടെ രണ്ടാം ജയം. മുംബൈയെ 157 റൺസിൽ ഒതുക്കിയ ചെന്നൈ 18.1 ഓവറിൽ വിജയം സ്വന്തമാക്കി. സീസണിൽ ആദ്യമായി ലഭിച്ച അവസരം മുതലെടുത്ത അജിൻക്യ രഹാനെയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെ ചെന്നൈക്ക് സ്വന്തമായത് സീസണിലെ രണ്ടാമത്തെ ജയമാണ്. 27 പന്തിൽ രഹാനെ നേടിയത് 61 റൺസാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ വിജയ ലക്ഷ്യം കണ്ടത്. മുംബൈ ഇന്ത്യൻസിനെതിരായ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ നാലാമതായി. രണ്ട് കളിയാണ് മുംബൈ ഇതുവരെ കളിച്ചത്. രണ്ടിലും തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് പട്ടികയിൽ എട്ടാമതാണ്. 

ടോസ് നേടിയ ചെന്നൈ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റൻ രോഹിത ശർമ്മയും (13 പന്തിൽ 21) ഇഷാൻ കിഷനും (21 പന്തിൽ 32) ചേർന്ന് മുംബൈക്ക് മികച്ച തുടക്കം നൽകിയെങ്കിലും നാലാം ഓവറിൽ രോഹിതിനെ പുറത്താക്കി തുഷാർ ദേശ്പാണ്ഡെ ആ കൂട്ടുകെട്ട് തകർത്തു. 38 റൺസാണ് ഒന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. പിന്നീടെത്തിയ കാമറൂൺ ഗ്രീനുമായി (11 പന്തിൽ 12) ഇഷാൻ‌ കിഷൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും ഏഴാം ഓവറിൽ ഇഷാൻ കിഷാനെ രവീന്ദ്ര ജ‍ഡേജ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ സൂര്യകുമാർ യാദവിനെ (2 പന്തിൽ 1) സാന്റ്നറും പുറത്താക്കി കൊണ്ട് ചെന്നൈ കളി വരുതിയിലാക്കി. ‌

തുടർന്ന് വന്ന തിലക് വർമ (18 പന്തിൽ 22), ടിം ഡേവിഡ് (22 പന്തിൽ 31), ഹൃത്വിക് ഷോകീൻ (13 പന്തിൽ 18*) എന്നിവരുടെ പ്രകടനമാണ് മുംബൈയുടെ റൺസ് 150 കടത്തിയത്. ചെന്നൈയ്ക്കായി രവീന്ദ്ര ജഡ‍േജ മൂന്നു വിക്കറ്റാണ് നേടിയത്. മിച്ചൽ സാന്റ്നർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും സിസാണ്ട മഗാല ഒരു വിക്കറ്റും വീഴ്ത്തി.

Also Read: IPL 2023: ഡൽഹിയുടെ 'ബോൾട്ട്' ഇളക്കി; രാജസ്ഥാന് തകർപ്പൻ ജയം

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യം ഒന്ന് അടിപതറിയിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡെവൻ കോൺവ റണ്ണുകളെടുക്കാതെ മടങ്ങിയത് ചെന്നൈ ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ പിന്നീടെത്തിയ അജിൻക്യ രഹാനെ കളംനിറഞ്ഞതോടെ മുംബൈക്ക് തോൽവി നേരിടേണ്ടി വന്നു. മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ രഹാനെയും ബാറ്റിങ് ആണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. 19 പന്തിലാണ് രഹാനെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്. 

20 പന്തിൽ അർധസെഞ്ചറി തികച്ച രാജസ്ഥാൻ താരം ജോസ് ബട്‌ലർ, കൊൽക്കത്ത താരം ശാർദൂൽ ഠാക്കൂർ എന്നിവരെ പിന്നിലാക്കിയാണ് രഹാനെയുടെ നേട്ടം. ചെന്നൈയ്ക്കായി കുറഞ്ഞ പന്തിൽ അർധസെഞ്ച്വറി നേടിയ രണ്ടാമത്തെ താരവുമായി രഹാനെ. 16 പന്തിൽ ഫിഫ്റ്റിയടിച്ച സുരേഷ് റെയ്നയാണ് ഒന്നാമത്.

ഋതുരാജ് ഗെയ്‌ക്‌വാദ് (36 പന്തിൽ 40*) നേടി. പവർപ്ലേ പൂർത്തിയായപ്പോൾ 68/1 എന്ന നിലയിലായിരുന്നു ചെന്നൈയുടെ സ്കോർ. എട്ടാം ഓവറിൽ പിയൂഷ് ചൗള രഹാനയെ പുറത്താക്കി. പിന്നീട് ശിവം ദുബൈ (26 പന്തിൽ 28), അമ്പാട്ടി റായിഡു (16 പന്തിൽ 20*) എന്നിവരും ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. മുംബൈയ്ക്കായി പിയൂഷ് ചൗള, ജേസൺ ബെഹ്രന്‍ഡോർഫ്, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News