അഹമ്മദാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 1000-ാം ഏകദിനത്തിൽ ഇന്ത്യൻ ടീമിന് ആധികാരികമായ ജയം. സന്ദർശകരായ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് രോഹിത് തന്റെ യുഗത്തിന് തുടക്കമിട്ടിരിക്കുന്നത്. നായകൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയുടെ മികവിൽ അനയാസം ഇന്ത്യൻ ടീം ജയം കണ്ടെത്തുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ആദ്യം ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുമ്പിൽ പതറിയ കരീബയിൻ ടീമിന് 43.5 ഓവറിൽ 176 റൺസെ എടുക്കാനെ സാധിച്ചുള്ളു. അർധ-സെഞ്ചുറി നേടിയ ജേസൺ ഹോൾഡറുടെ ഇന്നിങ്സിലാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ നേടാൻ സാധിച്ചത്.
ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ നാലും വാഷിങ്ടൺ സുന്ദർ മൂന്നും വിക്കറ്റുകൾ വീതം നേടി. പേസർമാരായ പ്രസിദ്ധ കൃഷ്ണയും മുഹമ്മദ് സിറാജുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 28 ഓവറിൽ ജയം കണ്ടെത്തുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ രോഹിതും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കം ഇന്ത്യക്ക് നൽകി. 60 റൺസെടുത്ത് ഇന്ത്യൻ ടീം നായകൻ 13-ാം ഓവറിൽ പുറത്തായതിന് പിന്നാലെ മൂന്ന് വിക്കറ്റുകൾ അടുത്ത് നാല് ഓവറിൽ എടുത്ത കരീബയൻസ് ടീം ഇന്ത്യക്ക് മേൽ സമ്മർദം ചെലുത്തി.
ശേഷം അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവും പുതുമുഖം ദീപക് ഹൂഡയും ചേർന്ന് ക്ഷമയോടെ ബാറ്റ് വിശീ ഇന്ത്യൻ സ്കോർ വിജയത്തിലേക്കെത്തി. എട്ട് റൺസെടുത്ത മുൻ ഇന്ത്യൻ നായകൻ വിരാട് കോലി വീണ്ടും നിരാശ സൃഷ്ടിച്ചു. അൽസ്സാരി ജോസഫും അക്കീൽ ഹൊസ്സനുമാണ് വിൻഡീസിനായി വിക്കറ്റുകൾ സ്വന്തമാക്കിയത്.
നാല് വിക്കറ്റ് നേടിയ ചഹാലാണ് മാൻ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഫെബ്രുവരി 9ന് ബുധനാഴ്ചയാണ് പരമ്പയിലെ രണ്ടാമത്തെ മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.