ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ഇന്ത്യയില്‍ എത്തിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്എഫ്). അര്‍ജന്റീന താരങ്ങള്‍ എത്തുമ്പോഴുള്ള ചെലവ് താങ്ങാനാകില്ലെന്നാണ് എഐഎഫ്എഫിന്റെ നിലപാട്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശില്‍ കളിക്കാനും അര്‍ജന്റീന സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീനയെ ഒരു രാജ്യത്ത് കളിപ്പിക്കണമെങ്കില്‍ ഏകദേശം 4-5 ഡോളറായി (32-40 കോടി) ഉയര്‍ന്നതാണ് തിരിച്ചടിയായത്.
ലോകകപ്പിന് പിന്നാലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായാണ് അര്‍ജന്റീന ടീം ഏഷ്യയിലെത്തിയത്. ഇന്ത്യയ്ക്ക് എതിരെയും ബംഗ്ലാദേശിനെതിരെയും കളിക്കാനായിരുന്നു അര്‍ജന്റീനയുടെ ആഗ്രഹം. എന്നാല്‍, അര്‍ജന്റീന ടീമിന്റെ ചെലവ് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എഐഎഫ്എഫും ബംഗ്ലാദേശും പിന്മാറുകയായിരുന്നു. ഇതോടെ സൗഹൃദ മത്സരങ്ങള്‍ക്കായി മെസിയും സംഘവും ചൈനയിലേയ്ക്കും ഇന്തോനേഷ്യയിലേയ്ക്കും പോയി.
ALSO READ: ആ ബിൽഡ് അപ്പും അസിസ്റ്റും പിന്നെ ഛേത്രിയുടെ ഗോളും; ഞെട്ടി തരിച്ച് ആരാധകർ
സൗഹൃദ മത്സരത്തിനായി അര്‍ജന്റീന ടീം സമീപിച്ചിരുന്നുവെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പറഞ്ഞു. വലിയ ചെലവ് കാരണമാണ് അത് നടക്കാതെ പോയത്. അത്തരമൊരു മത്സരം ഇവിടെ നടക്കണമെങ്കില്‍ വലിയ ഒരു പാര്‍ട്ണറുടെ പിന്തുണ കൂടി വേണമായിരുന്നു. അര്‍ജന്റീന ടീം ആവശ്യപ്പെടുന്നത് വമ്പന്‍ തുകയാണെന്നും അത് നല്‍കാന്‍ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൈനയില്‍ ഓസ്‌ട്രേലിയയായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. മെസി റെക്കോര്‍ഡ് വേഗത്തില്‍ സ്‌കോര്‍ ചെയ്ത മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. മെസിയും ജെര്‍മന്‍ പെസെല്ലയുമാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയ്ക്ക് എതിരെ നടന്ന രണ്ടാം സൗഹൃദ മത്സരത്തിലും അര്‍ജന്റീന എതിരില്ലാത്ത 2 ഗോളുകള്‍ക്ക് വിജയിച്ചു. ഇന്തോനേഷ്യയ്ക്ക് എതിരെ മെസി കളത്തില്‍ ഇറങ്ങിയിരുന്നില്ല.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് ഏഷ്യയിലെ അര്‍ജന്റീനയുടെ ഫാന്‍ ബേസ് ലോകം മുഴുവന്‍ കണ്ടതാണ്. ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഏഷ്യയിലെ ആരാധകരുടെ വലിയ പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടായിരുന്നു അര്‍ജന്റീനയുടെ നന്ദി പ്രകടനം എന്നതാണ് ശ്രദ്ധേയമായത്.
2011ല്‍ അര്‍ജന്റീന ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ലയണല്‍ മെസി ക്യാപ്റ്റനായ മത്സരത്തില്‍ വെനസ്വേലയായിരുന്നു എതിരാളികള്‍. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചു. അന്ന് മെസിയെയും സംഘത്തെയും നേരിട്ട് കാണാനായി 85,000 കാണികളാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലേയ്ക്ക് ഒഴുകിയെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...