റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് ജാനെമന്നിന് ശേഷം ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയിസ്. വലിയ മാർക്കറ്റ് വാല്യു ഉള്ള ഒരു താരം പോലുമില്ലാതെ മലയാള സിനിമയുടെ യുവതാരനിരയെ അണിനിരത്തിയൊരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ്. തിരക്കഥയും ആർട്ടും മേക്കങ്ങും ഉൾപ്പെടെ മഞ്ഞുമ്മൽ ബോയിസിന്റെ എല്ലാ മേഖലയും കൈയ്യടി നേടിയെടുക്കന്നതിനൊപ്പം സിനിമയുടെ കാസ്റ്റിങ്ങും ശ്രദ്ധേയമായിരുന്നു. ചിദംബരത്തിന്റെ സഹോദരനും നടനുമായ ഗണപതിയാണ് ചിത്രത്തിലെ കാസ്റ്റിങ് നിർവഹിച്ചതെന്നായിരുന്നു പ്രൊമോഷൻ വേളയിൽ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
മലയാള സിനിമയുടെ പിന്നണിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തിയായിരുന്നു മഞ്ഞുമ്മൽ ബോയിസിനായിട്ടുള്ള ഗണപതിയുടെ കാസ്റ്റിങ്. ആ പട്ടികയിൽ ഉൾപ്പെടുന്നവരാണ് ജീൻ പോളും (ലാൽ ജൂനിയർ), ഖാലിദ് റഹ്മാനും. ചിത്രത്തിലെ പ്രധാന വേഷങ്ങളിലായിരുന്നു ഇരുവരുമെത്തിയത്. എന്നാൽ ഇതിലെ ഖാലിദ് റഹ്മാനെ ചിലർക്ക് അറിയത്തില്ലയെന്നുള്ളതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രധാനമായി ഇടം പിടിക്കുന്നത്. ആ ചിലർ വേറെ ആരുമല്ല, സിനിമയെ കീറി മുറിച്ച് അഭിപ്രായം പറയുന്ന രണ്ട് പ്രമുഖ റിവ്യൂവർമാരാണ് അവർ. അതാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ എടുത്തുടക്കാൻ കാരണം.
ഇന്നലെ ഫെബ്രുവരി 22-ാം തീയതയാണ് മഞ്ഞുമ്മൽ ബോയിസ് തിയറ്ററിൽ എത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം യുവതാരനിര അണിനിരന്ന് ചിത്രം ഗംഭീരമായ അഭിപ്രായം നേടിയെടുക്കുകയും ചെയ്തു വൈകുന്നേരമായപ്പോൾ റിവ്യുവുകൾ എല്ലാം വന്നു. എല്ലാവരും മഞ്ഞുമ്മൽ ബോയിസ് മികച്ച സിനിമയാണെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ രണ്ട് പ്രമുഖ റിവ്യുവർമാർക്ക് ചിത്രത്തിൽ പ്രധാന കഥാപാത്രമായ പ്രസാദിനെ അവതരിപ്പിച്ചത് ആരാണെന്നറിയില്ല. ഡ്രൈവറായി എത്തിയ ചേട്ടനെന്നായിരുന്നു ഇരുവരും തങ്ങളുടെ റിവ്യൂവിൽ തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഖാലിദ് റഹ്മാനെ വിശേഷിപ്പിച്ചത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകന്റെ പേര് അറിയാത്ത നിങ്ങളാണോ സിനിമ റിവ്യൂ എന്ന പേരിൽ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
അനുരാഗ കരിക്കൻ വെള്ളം എന്ന ബിജു മേനോൻ-അസിഫ് അലി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തുടർന്ന് മമ്മൂട്ടി വിസ്മയമാക്കിയ ഉണ്ട, തല്ലുമാല, പരീക്ഷണ ചിത്രമായ ലവ് എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാനാണ്. ഓർക്കേണ്ട കാര്യം മഞ്ഞുമ്മൽ ബോയിസിൽ അല്ല ഖാലിദ് റഹ്മാൻ ആദ്യമായി അഭിനയിക്കുന്നത്. ഹിറ്റ് ചിത്രങ്ങളായ മായാനദി, പറവ, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിൽ ഖാലിദ് ചെറിയ വേഷങ്ങളിൽ എത്തിട്ടുണ്ട്. ഒരു മുഴുനീള കഥാപാത്രമായി ഖാലിദ് ഇതാദ്യമായി എത്തുന്നത് മഞ്ഞുമ്മൽ ബോയിസിലൂടെയാണ്.
മറിമായത്തിലെ സുമേഷേട്ടൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അന്തരിച്ച നടൻ വി പി ഖാലിദിന്റെ രണ്ടാമത്തെ മകനാണ് ഖാലിദ് റഹ്മാൻ. കൂടാതെ ഛായഗ്രാഹകന്മാരായ ഷൈജു ഖാലിദ്ദും ജിംഷി ഖാലിദ്ദും ഖാലിദ് റഹ്മാന്റെ സഹോദരന്മാരാണ്. ഷാജു ഖാലിദ്ദാണ് മഞ്ഞുമ്മൽ ബോയിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഖാലിദിന്റെ തല്ലുമാലയുടെ ക്യാമറ കൈകാര്യം ചെയ്തത് സഹോദരൻ ജിംഷിയാണ്.
അതേസമയം മികച്ച അഭിപ്രായം നേടിയെടുത്ത മഞ്ഞുമ്മൽ ബോയിസ് ഇനി തിയറ്ററുകളിൽ വാഴാൻ പോകുകയാണ്. ആദ്യം ദിനം 3.35 കോടി മഞ്ഞുമ്മൽ ബോയിസ് കേരള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ അസ്പദമാക്കി ഒരുക്കിയ സർവൈവൽ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.