KG George Demise : 'മലയാള നവതരംഗത്തിന്റെ പിതാവ്, കെ.ജി ജോർജാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും'; ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose Pellissery On KG George : താൻ സിനിമകൾ ഒരുക്കിയത് കെ ജി ജോർജ് ചിത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ പല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 01:51 PM IST
  • സംവിധായകനെയെന്നും ഓർക്കുമെന്ന് ലിജോ തന്റെ ഫേസുബുക്ക് കുറിപ്പിൽ കുറിച്ചു.
  • മലയാള സിനിമയുടെ നവതരംഗത്തിന്റെ പിതാവ് എന്ന വിശേഷിപ്പിച്ചുകൊണ്ടാണ് ലിജോ തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
  • കെജി ജോർജിന്റെ പ്രധാന സിനിമകളെ കോർത്തിണിക്കി കൊണ്ടാണ് ലിജോയുടെ കുറിപ്പ്.
KG George Demise : 'മലയാള നവതരംഗത്തിന്റെ പിതാവ്, കെ.ജി ജോർജാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും'; ലിജോ ജോസ് പെല്ലിശ്ശേരി

കെ ജി ജോർജിന്റെ വിയോഗത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ഉള്ളടത്തോളം കാലം കെ ജി ജോർജിന്റെ ചിരി അവിടെ തന്നെ കാണും. കെ ജി ജോർജാണ് തന്റെ ആശാനെന്നും അഭിമാനത്തോടെ സംവിധായകനെയെന്നും ഓർക്കുമെന്ന് ലിജോ തന്റെ ഫേസുബുക്ക് കുറിപ്പിൽ കുറിച്ചു. മലയാള സിനിമയുടെ നവതരംഗത്തിന്റെ പിതാവ് എന്ന വിശേഷിപ്പിച്ചുകൊണ്ടാണ് ലിജോ തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെജി ജോർജിന്റെ പ്രധാന സിനിമകളെ കോർത്തിണിക്കി കൊണ്ടാണ് ലിജോയുടെ കുറിപ്പ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സോഷ്യൽ മീഡിയ കുറിപ്പ്

സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി .  ചിന്തയുടെ നാലാമത്തെ ചുവര്  തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച്  ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു.

ആദ്യം കാണുമ്പോൾ സ്വപ്‌നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ . പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ,ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ  കേസന്വേഷിക്കാൻ  വന്ന പോലീസുകാർക്കിടയിൽ, ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ അപമാനത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ  കടൽക്കരയിൽ , സർക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങൾക്കിടയിൽ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകിൽ , കോടമ്പാക്കത്തെ തിരക്കിൽ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയിൽ . കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടൻ കള്ളുഷാപ്പിലെ മദ്യപർക്കിടയിൽ. റബ്ബർ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണിൽ. അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളിൽ ആ ചിരിയുണ്ടായിരുന്നു... 

സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ  സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും . അത് കേൾക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ.ജി ജോർജ്  ആണെന്നും , അദ്ദേഹമാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും .

ലിജോ

ALSO READ : KG George : മരം ചുറ്റി പ്രണയത്തിൽ നിന്നും മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ അതുല്യപ്രതിഭ; കെ.ജി ജോർജിന് വിട

നാളെ സെപ്റ്റം ബർ 25നാണ് കെജി ജോർജിന്റെ സംസ്കാരം. കൊച്ചി രവിപുരം പൊതുശ്മാനത്തിൽ ചിതയൊരുക്കും. ജോർജിന്റെ ആവശ്യപ്രകാരമാണ് ചിതയൊരുക്കുന്നത്. നാളെ രാവിലെ മുതൽ ടൌൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News