നടൻമാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർക്ക് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. സത്യസന്ധമായ പരാതികൾ ലഭിച്ചത് കൊണ്ടാകാം സംഘടനകൾ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൌമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ധ്യാനിൻറെ പ്രതികരണം.
ഷെയിൻ നിഗവുമായി താൻ വർക്ക് ചെയ്തിട്ടില്ലെന്ന് ധ്യാൻ പറഞ്ഞു. വർക്ക് ചെയ്യാത്തതിനാൽ തന്നെ മറ്റൊന്നും അറിയില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏതായാലും പ്രോപ്പർ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ: 'കേരള സ്റ്റോറി' പ്രൊപഗാണ്ട സിനിമ; സംഘപരിവാറിൻറെ ലക്ഷ്യം തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി
കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് ധ്യാൻ പറഞ്ഞത്. അല്ലാതെ പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ ഒരു സംഘടനയും പോകില്ലെന്നും പറഞ്ഞ ധ്യാൻ, നടൻമാർക്ക് എതിരെ ഉയർന്നത് സത്യസന്ധമായ പരാതികൾ ആയിരിക്കാമെന്നും കൂട്ടിച്ചേർത്തു.
സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവർ സംയുക്തമായാണ് രണ്ട് നടൻമാരുമായും സഹകരിക്കില്ലെന്ന് അറിയിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന നടി-നടന്മാരുമായി സഹകരിക്കില്ലെന്നും അങ്ങനെയുള്ളവരുടെ പേര് സർക്കാരിന് നൽകുമെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. വിലക്ക് എന്ന് പ്രത്യേകം പരാമർശിക്കാതെയാണ് സംഘടനകൾ തീരുമാനം അറിയിച്ചത്. ഇവരുമായി വേണമെങ്കിൽ നിർമാതാക്കൾക്ക് പ്രവർത്തിക്കാം. എന്നാൽ, സംഘടനകളുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള പരിഗണനയോ ഉത്തരവാദിത്വമോ ഉണ്ടാകില്ലെന്ന് നിർമാതാവ് രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സിനിമയിലെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ തുടർ നടപടി ഉണ്ടാകുക. സംഘടനയുടെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അപേക്ഷ പരിഗണിച്ചേക്കും. അംഗത്വം നൽകുന്നതിന് മുന്നോടിയായി അപേക്ഷ സമർപ്പിക്കുന്ന താരങ്ങളുടെ സ്വഭാവം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഷൈൻ നിഗം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...