കൊച്ചി: പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിലെ പാചകക്കാരൻ പിടിയിൽ. പാചകക്കാരൻ ഹസൈനാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിന്റെ ഉടമ ഒളിവിലാണ്. ഹോട്ടലുടമകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് അറുപതിലധികം പേർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. എല്ലാവർക്കും ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സംശയം. ഇന്നലെ വൈകിട്ടാണ് മജ്ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലരും മയോണൈസും കഴിച്ചിരുന്നു. ചർദ്ദി, വയറിളക്കം, കടുത്ത ക്ഷീണം എന്നിവയാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.
മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 189 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
അതിനിടെ ഇന്ന് (ജനുവരി 18) രാവിലെ പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമ്മൻകോവിൽ റോഡിലെ കുംഭാരീസ് ഹോട്ടലിൽ നിന്നാണ് റെയ്ഡിനിടെ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...