സംസ്ഥാനത്ത് ഒരാൾക്ക് കൂടി വാനരവസൂരി രോഗബാധ സ്ഥിരീകരിച്ചു. ദുബായിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിലവിൽ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ മാസം 13 നാണ് രോഗി ദുബായിയിൽ നിന്ന് നാട്ടിലെത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കൂടാതെ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച് കഴിഞ്ഞു. രോഗിക്ക് വാനര വസൂരിയുടെ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗൾഫിൽ നിന്നെത്തിയ ഇദ്ദേഹം മംഗളൂരു വിമാനത്താവളത്തിലാണ് എത്തിയത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിലാണ് ഇദ്ദേഹം ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യത്തെ വാനര വസൂരി കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും എത്തിയ കൊല്ലം സ്വദേശിക്കായിരുന്നു രോഗം. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്നവർക്കും രോഗം ബാധിച്ചതായി ഇദ്ദേഹം സ്വമേധയാ അറിയിക്കുകയായിരുന്നു. രോഗി പറഞ്ഞത് പ്രകാരം ഫേസ്മാസ്ക് ധരിക്കുകയും ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചിരുന്നെന്നും ഇദ്ദേഹം പറഞ്ഞതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാൾ. ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ജൂലൈ പന്ത്രണ്ടാം തിയതി യുഎഇയിൽ നിന്ന് എത്തിയ യുവാവിനായിരുന്നു ആദ്യം വാനര വസൂരി സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിരുന്നു.
ALSO READ: Monkey Pox Updates: മങ്കിപോക്സ് ലക്ഷണങ്ങളുമായി കണ്ണൂർ സ്വദേശി,സ്രവം വിദഗ്ധ പരിശോധനയ്ക്ക്
മങ്കിപോക്‌സ് അഥവാ വാനര വസൂരിയുടെ രോഗ പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...