തിരുവനന്തപുരം : ഒരു കാലത്ത് ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എത്താൻ ഏതൊരു മലയാളിയും ആദ്യ തിരഞ്ഞെടുക്കുന്ന ട്രെയിൻ സർവീസാണ് കേരള എക്സ്പ്രസ് (12626). ഏകദേശം രണ്ട് രാത്രിയും രണ്ട് പകലും കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കുന്ന മറ്റൊരു ട്രെയിൻ സർവീസില്ലായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ പോലും ഏതു വിധേനയും കഷ്ടപ്പെട്ട് നാട്ടിലേക്കെത്താൻ കേരള എക്സ്പ്രസിനെ ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു. കാരണം സൂപ്പർ ഫാസ്റ്റ് ട്രെയിനായ കേരള എക്സ്പ്രസ് ചില അപൂർവ ഘട്ടങ്ങളിൽ മാത്രമാണ് ഒന്നിലധികം മണിക്കൂർ വൈകി ലക്ഷ്യ സ്ഥാനത്തെത്തി ചേരുന്നത്. എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുകയാണ്. കേരള എക്സ്പ്രസ് വൈകി വരുന്നത് ഒരു പതിവ് സംഭവമായിരിക്കുകയാണ്.
ഒന്നും രണ്ടും ദിവസമല്ല, ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷനിൽ നിന്നും തിരിക്കുന്ന ട്രെയിൻ തിരുവനന്തപുരത്ത് വൈകി എത്തുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറി. റെയിൽവെയുടെ സമയപ്രകാരം എല്ലാ ദിവസവും രാത്രി 8.10ന് ന്യൂ ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന സർവീസ് രണ്ട് രാത്രിയും രണ്ട് പകലും യാത്ര ചെയ്ത് (49 മണിക്കൂർ 40 മിനറ്റ്) തിരുവനന്തപുരത്ത് എത്തി ചേരുന്ന സർവീസാണ് കേരള എക്സ്പ്രസ്. ഡൽഹിയിൽ നിന്നും ആരംഭിച്ച് ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് കേരളത്തിൽ പ്രവേശിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ അവസാനിക്കുന്നതാണ് കേരള എക്സപ്രസിന്റെ ദിനംപ്രതിയുള്ള സർവീസ്. ദക്ഷിണേന്ത്യൻ റെയിൽവെയിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സർവീസുകളിൽ ഒന്നാണിത്. എന്നാൽ ദക്ഷിണേന്ത്യയുടെ അഭിമാനകരവും ലാഭകരവുമായ ഈ സർവീസ് ലക്ഷ്യ സ്ഥാനത്ത് എത്തി ചേരുന്നതോ ഏറെ വൈകിയാണ്.
ALSO READ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് സ്വകാര്യബസില്‍ ലൈംഗികാതിക്രമം
അരമണിക്കൂറോ, ഒരു മണിക്കൂറോ അല്ല കേരള എക്സ്പ്രസ് ഇപ്പോൾ വൈകുന്നത്. രണ്ട് മുതൽ അഞ്ച് മണിക്കൂറ് നേരമാണ് സർവീസ് വൈകുന്നത്. ജൂൺ 18ന് ആരംഭിച്ച സർവീസ് തിരുവനന്തപുരത്ത് എത്തിയത് പുലർച്ചെ 2.30ന്. ഇന്നലെ ജൂൺ 21ന് അവസാനിച്ച 19-ാം തീയതിയിലെ സർവീസ് എത്തിച്ചേർന്നത് അർധരാത്രി 12.20ന്. ഇന്ന് ജൂൺ 22ന് അവസാനിക്കേണ്ട ജൂൺ 20-ാം തീയതിയിലെ സർവീസ് നിലവിൽ രണ്ടര മണിക്കൂറാണ് വൈകിയണ് ഓടുന്നത്. സർവീസ് ഇങ്ങനെ വൈകുന്നത് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ട് വരുന്ന ഒരു സ്ഥിരം കാഴ്ചയാണെന്ന് ട്രെയിനിലെ ജീവനക്കാർ പറയുന്നത്. ആരും പരാതി നൽകാത്തതാണ് പ്രധാനമായും ട്രെയിൻ ഇത്രയധികം വൈകുന്നതും ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പെടാത്തതെന്നും പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ജീവനക്കാരൻ അഭിപ്രായപ്പെട്ടു. ഒരു സമയത്ത് കൃത്യത പാലിച്ചിരുന്ന സർവീസിന്റെ സമയക്രമം മാറ്റിയതും വൈകി എത്തുന്നതിന് ഒരു കാരണമായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 19-ാം തീയതി ആരംഭിച്ച കേരള എക്സപ്രസ് സർവീസ് വൈകിയതിനെ കുറിച്ച് ട്വിറ്ററിലൂടെ റയിൽവെ സേവയ്ക്ക് പരാതി നൽകിയപ്പോൾ, പാലക്കാട് ഡിവിഷൻ മറുപടി നൽകിയത് മഴയെ തുടർന്നുള്ള മോശം കാലവസ്ഥ കാരണാമാണ് സർവീസ് വൈകിയതെന്നാണ്. എന്നാൽ കേരള എക്പ്രസ് തെലങ്കാന ആന്ധ്ര പ്രദേശ് റെയിൽവെ ഡിവിഷനുകളിൽ എത്തുമ്പോഴാണ് സർവീസ് ഏറെ നേരത്തേക്ക് വൈകി ഓടാൻ തുടങ്ങിയതെന്ന് ട്രെയിന്റെ ലൈവ് സ്റ്റാറ്റസിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് ഇത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവെയുടെ റെയിൽ മദദ് പോർട്ടലിൽ പരാതിപ്പെട്ടപ്പോൾ സർവീസ് വൈകിയതിന്റെ വിശദീകരണം നൽകി.
സെൻട്രൽ റെയിൽവെയുടെ നാഗ്പൂർ ഡിവിഷനിൽ 24 മിനിറ്റ് മാത്രമാണ് സർവീസ് വൈകിയിരുന്നത്. ട്രെയിൻ ദക്ഷിണ റെയിൽവെയിലേക്കെത്തിയപ്പോഴാണ് സിഗ്നിലിങ്ങിന്റെ പ്രശ്നവും മറ്റ് ട്രെയിനുകൾ കടത്തി വിടാനുമായി കേരള എക്സ്പ്രസ് നിർത്തിയിടുകയും ചെയ്തതോടെ സർവീസ് വീണ്ടും വൈകാൻ ഇടയായി. തുടർന്ന് വിജയവാഡ ഡിവിഷനിലേക്കെത്തിയപ്പോൾ കേരള എക്സപ്രസ് 132 മിനിറ്റ് (രണ്ട് മണിക്കൂർ 12 മിനിറ്റ്) വൈകി ഓടാൻ തുടങ്ങി. ബുദ്ധിമുട്ട് അനുഭവിച്ചതിനാൽ റയിൽവേ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുയെന്നാണ് പരാതിക്ക് ഇന്ത്യൻ റെയിൽവെ മറുപടി നൽകിയത്.
വിമാനക്കൂലി താങ്ങാവുന്നതിലും അധികമായതിനാലാണ് ട്രെയിൻ സർവീസിനെ ആശ്രയിച്ചത്. ഇപ്പോൾ തോന്നുന്ന അധികം കാശ് കൊടുത്ത് വിമാനത്തിൽ പോകുന്നതാണ് നല്ലതെന്ന് ആലുവ സ്വദേശിയായ അഭിലാഷ് പറഞ്ഞു. കുട്ടികളുമായി ഇത്രയധികം ദൂരം യാത്ര ചെയ്യാൻ ഏറ്റവും സൗകര്യപ്രദമായി മാർഗമാണ് ട്രെയിൻ യാത്ര. പക്ഷെ ഇത്രയധികം വൈകുമ്പോൾ രാത്രിയാകും വീട്ടിൽ എത്തിച്ചേരുന്നത്. അത് ഒട്ടും സുരക്ഷിതമല്ല കൂടാതെ ഒരുപാട് മടുപ്പ് തോന്നിപ്പിക്കുമെന്ന് കോയമ്പത്തൂരിലേക്ക് ടിക്കറ്റെടുത്ത മധ്യപ്രദേശ് സ്വദേശി പറഞ്ഞു. അതേസമയം പുതുതായി ആരംഭിച്ച വന്ദേഭാരത് സർവീസിനായി കേരള എക്സ്പ്രസ് തൃശൂരിന് മുമ്പായി പിടിച്ചിടുന്നത് കാണാൻ ഇടയായി. വന്ദേഭാരതിനായി ഒരു സർവീസും പിടിച്ചിടില്ലയെന്നായിരുന്നു ദക്ഷിണ റയിൽവെ നേരത്തെ അറിയിച്ചിരുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...