തിരുവനന്തപുരം: രാജ്യത്തൊട്ടാകെ കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. ചീഫ് സെക്രട്ടറി ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. അതേസമയം കോവിഡ് രോഗബാധ വീണ്ടും വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം പുരോഗമിക്കുകയാണ്.
കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരെ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കുന്നുണ്ട്. കോവിഡിന്റെ നിലവിലെ സാഹചര്യം, വാക്സിനേഷന്, ബൂസ്റ്റർ ഡോസ് ഡ്രൈവ്, ചില സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിന്റെ പാത എന്നിവയെപ്പറ്റി ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: Covid-19: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,927 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് എണ്ണം 4,30,65,496 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,279 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് 32 പേർ മരണപ്പെട്ടു.
രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 5,23,654 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 0.04 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നിലവിലെ രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 98.75 ശതമാനമാണ്. രാജ്യത്ത് ഇതുവരെ ആകെ 188.19 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2,252 പേർ കോവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്.
കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധികരിക്കുന്നത് നിർത്തിയെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് തന്നെയാണ് കേരളമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.