കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി പറഞ്ഞു. മാതൃകാ സംസ്ഥാനമെന്നാണ് കേരളത്തെ പറയുന്നത്. വ്യവസായ ശാലകൾ പോലും ഇല്ലാതിരുന്നിട്ടാണ് ഇവിടെ ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകളുണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു.
കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
വിഷയത്തിൽ സർക്കാരിനായി എജിയും കോടതിയിൽ ഹാജരായി. ബ്രഹ്മപുരം വിഷയത്തിൽ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോർപറേഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വാദം കേട്ട ജഡ്‌ജിമാർ എല്ലാവരും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിനെ പിന്തുണക്കുന്ന സവിശേഷ സാഹചര്യം കോടതിയിൽ ഉണ്ടായി. ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്.
തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് ഹാജരാകാൻ നിർദ്ദേശം നൽകി. അതേസമയം വിഷയത്തിൽ മറുപടി നൽകാൻ നാളെവരെ സമയം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും. 30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം ഇന്നും തുടരും. പുകയെ തുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി നൽകി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ഡൻ, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കാണ് അവധി. കൊച്ചി കോര്‍പ്പറേഷന് പുറമെ വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്ക് അവധി ബാധകമാണ്. എന്നാൽ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇതിനിടെ ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ജൈവമാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...