പത്തനംതിട്ട: പുരുഷന്മാരുടെ കുത്തകയെന്ന് കരുതിയ കിണർ നിർമാണ മേഖലയിൽ കരുത്ത് തെളിയിച്ച കുഞ്ഞിപ്പെണ്ണ്. പത്തനംതിട്ട അടൂർ സ്വദേശിനി കുഞ്ഞുപെണ്ണിന് എഴുപത്തിയഞ്ച് വയസാണ് പ്രായം. 46 വർഷം കൊണ്ട് ആയിരത്തിലധികം കിണറുകൾ നിർമിച്ച കുഞ്ഞിപ്പെണ്ണ് ഇപ്പോഴും കിണർ നിർമാണ ജോലിയിൽ സജീവം.
പത്തനംതിട്ട ജില്ലയിൽ കിണർ നിർമിക്കാൻ ആലോചിക്കുന്നവർ ഏറെയും കുഞ്ഞിപ്പെണ്ണിന് സമയം ഉണ്ടോയെന്നാണ് ആദ്യം അന്വേഷിക്കുന്നത്. കാസർഗോഡ് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനകം കിണർ നിർമിച്ചിട്ടുള്ള കുഞ്ഞിപ്പെണ്ണിന് ഏക മകൻ കിഷോറാണ് സഹായി. കുഞ്ഞിപ്പെണ്ണ് കിണർ കുത്തിയാൽ വെള്ളം കിട്ടുമെന്ന ഉറപ്പാണ് ഈ രംഗത്ത് കുഞ്ഞിപ്പെണ്ണിനെ ശ്രദ്ധേയയാക്കിയത്.
ഭർത്താവ് ഉപേക്ഷിച്ചതോടെ കൂലിപ്പണി ചെയ്യാനിറങ്ങി. യാദൃശ്ചികമായാണ് കിണർ നിർമ്മാണ മേഖലയിലേക്ക് എത്തിയത്. ഒരിക്കൽ, കൂലിപ്പണി ചെയ്യുന്ന സ്ഥലത്ത് കിണർ നിർമിക്കുന്നത് കാണാൻ ഒരു കൗതുകം തോന്നി. എന്നാൽ കിണർ കുഴിക്കുന്നിടത്തേക്ക് സ്ത്രീകൾ വരേണ്ടെന്ന പുരുഷ മേധാവിത്വത്തിൻ്റെ ശാസന കുഞ്ഞിപ്പെണ്ണ് വെല്ലുവിളിയായി ഏറ്റെടുത്തു.
ഏകലവ്യനെ അനുസ്മരിപ്പിക്കുമാറ് ഒളിഞ്ഞ് നിന്ന് കിണർ നിർമാണത്തെക്കുറിച്ച് മനസ്സിലാക്കി. സ്വന്തം പുരയിടത്തിൽ കിണർ കുത്തി. ഇത് കണ്ട പ്രദേശത്തെ ഒരു പള്ളി വികാരി കിണർ നിർമാണം കുഞ്ഞിപ്പെണ്ണിനെ ഏൽപ്പിച്ചു. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ആദ്യ കിണർ നിർമിക്കുമ്പോൾ കൈക്കുഞ്ഞായിരുന്ന മകൻ കിഷോർ ഇന്ന് അമ്മയ്ക്ക് സഹായിയായി. സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് എന്ന് പറഞ്ഞ് മാറ്റി നിർത്തിയ കിണർ നിർമാണ മേഖലയുടെ പര്യായപദമായി നീണ്ട 46 വർഷങ്ങൾക്കിടയിൽ കുഞ്ഞിപ്പെണ്ണ് മാറി. ഈ വേനൽ സീസണിൽ ഇതുവരെ 13 കിണറുകൾ നിർമിക്കാനാണ് ഓർഡറുകൾ ലഭിച്ചിട്ടുള്ളതെന്ന് കുഞ്ഞിപ്പെണ്ണ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...