Kochi: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കി വരുന്ന വിവാദ പരിഷ്‌കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി.. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും വിശദീകരണം നല്‍കട്ടെയെന്ന് ഹൈക്കോടതി ഉത്തരവായി.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ (Praful Patel) പരിഷ്‌കാര നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.കൂടാതെ, വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം, വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ, ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനോട് കോടതി നിര്‍ദേശിക്കുകായും ചെയ്തു.
ഹര്‍ജി തള്ളിയ കോടതി വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്നും വ്യക്തമാക്കി.
മുന്‍പ് ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് മാറ്റി അടിയന്തിര സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിച്ചത് കേരള ഹൈക്കോടതി തടഞ്ഞിരുന്നു.
അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെയും തന്‍റെ നടപടികള്‍ തുടരുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. നേരത്തേ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിരുന്നു. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
Also Read: Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
കൂടാതെ ദ്വീപിലെ 15 സ്‌കൂളുകളുകള്‍ പൂട്ടാനും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറവ് ചൂണ്ടിക്കാണിച്ചാണ് സ്‌കൂളുകള്‍ അടച്ചത്.
അതേസമയം, ഭരണകൂടത്തെ പിന്തുണച്ച് രംഗത്തെത്തിയ കളക്ടര്‍ എസ്. അസ്‌കര്‍ അലിയ്ക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. ദ്വീപിന്‍റെ വികസനത്തിനായുള്ള നടപടികളാണ് നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.