പ്രമുഖ ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതിയ 10 ആർ, നോർഡ് സിഇ 2 ലൈറ്റ് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിക്കും. ഇതിനോടൊപ്പം തന്നെ നോർഡ് ബഡ്‌സും വൺപ്ലസ് ഇന്ന് ഇന്ത്യയിലെത്തിക്കുന്നുണ്ട്. വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ ഫോണുകളിൽ ഒന്നായിരിക്കും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്. ഇന്ന്, ഏപ്രിൽ 28 രാത്രി 7 മണിയോടെയാണ് ലോഞ്ചിങ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ വൺപ്ലസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, ഫേസ്ബുക്ക് പേജിലും പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
വൺപ്ലസ് 10 ആർ
വൺപ്ലസ് ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് ഏസ് ഫോണുകളുടെ അപ്ഗ്രേഡഡ് ഫോണുകളാണ് വൺപ്ലസ് 10 ആർ. വൺപ്ലസ് ഏസിന് സമാനമായ സവിശേഷതകളും ഡിസൈനും തന്നെയാണ് വൺപ്ലസ് 10 ആർ ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. മിഡ് - റേഞ്ച് ഫോണുകൾക്ക് വൻ വെല്ലുവിളിയായി ആണ് വൺപ്ലസ് 10 ആർ ഫോണുകൾ എത്തുന്നത്. റിയൽമി ജിടി നിയോ 3 ഫോണുകൾക്ക് സമാനമായ പ്രൊസസ്സറാണ് വൺപ്ലസ് 10 ആർ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന് 120 Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്പ് പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഫോണിന്റെ പ്രധാന ആകർഷണം 150 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. ഫോണിന്റെ ബാറ്ററി 4500 mAh ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്
വൺപ്ലസിന്റെ ഏറ്റവും കുറഞ്ഞ വിലയിലെത്തുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്. 6.59 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ ഇടതുന്നത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. വൺപ്ലസ് 10 ആർ ഫോണുകളെ പോലെ തന്നെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 33 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...