ചരിത്ര നേട്ടത്തിനരികെ കേരളം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയിൽ ഫൈനലുറപ്പിച്ച് കേരളം. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തിലാണ് കേരളം ഫൈനലിനടുത്തെത്തിയത്. ആദ്യ ഇന്നിംഗ്സിൽ കേരളം നേടിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്ത് പുറത്തായി.
ഏഴിന് 429 റണ്‍സുമായി അവസാന ദിവസം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ 449-9 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് നടത്തിയ പ്രതിരോധം കേരളത്തിന് വെല്ലുവിളി ഉയർത്തി.
ലീഡിനായി വെറും മൂന്ന് റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്മാന് നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ കൈകളിലെത്തിയതോടെയാണ് നാടകീയമായി കേരളം ഫൈനല്‍ ഉറപ്പിച്ചത്. വലിയ ട്വിസ്റ്റുകളൊന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും.