Thiruvananthapuram : അടുത്തിടെ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ചർച്ചയായിരുന്ന ഒരു വിഷയമാണ് സഞ്ജു സാംസൺ (Sanju Samson) IPL 2022 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി (Chennai Super Kings) ഇറങ്ങുമെന്ന്. ആ അഭ്യൂഹം ഏറെ കുറെ ഉറപ്പായത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ രാജസ്ഥാൻ റോയൽസിന് (Rajasthan Royals) പിന്തുടരുന്നത് പിൻവലിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുടരുകയാണ് ഉണ്ടായത്. സഞ്ജുവിന്റെ ഈ നീക്കമാണ് അഭ്യൂഹങ്ങൾ ഏറെ കുറെ സത്യമാണെന്ന് തെളിയിക്കുന്നത്.
നിലവിലുള്ള എട്ട് ടീമുകൾക്ക് നാല് താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം നവംബർ 30-ാം തിയതിയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാനും സഞ്ജുവും തമ്മിൽ റിറ്റെൻഷൻ ധാരണയായിട്ടില്ല എന്നാണ്. പ്രധാനമായും സഞ്ജുവിന് ക്യാപ്റ്റനാക്കി IPL 2021 സീസൺ പരീക്ഷിച്ചെങ്കിലും ഫലം വിപരീതമായിരുന്നു.
അതിനാൽ സഞ്ജുവിന് പകരം മറ്റൊരു ക്യാപ്റ്റനെ തേടുകയാണ് റോയൽസ് ടീം മാനേജ്മെന്റ്. അങ്ങനെ മറ്റൊരു ക്യാപ്റ്റന്റെ കീഴിൽ നിൽക്കുന്നത് ഉചിതമല്ലയെന്ന് കരുതിയാകാം സഞ്ജുവും രാജസ്ഥാൻ വിടാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ സീസണിൽ ടീം ഘടന ആകെ മാറ്റാനാണ് രാജ്സ്ഥാൻ ശ്രമിക്കുന്നത്. മികച്ച ഫോമിലുള്ള താരങ്ങളെ ടീമിലെത്തിച്ച് ഫ്രാഞ്ചൈസി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് അടുത്ത സീസണിലൂടെ RR ടീം മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്.
കൂടാതെ ഐപിഎൽ താര തിളക്കം മാത്രമുള്ള സഞ്ജുവിന് 12-16 കോടി രൂപ നൽകി നിലനിർത്തുക എന്നത് രാജസ്ഥാൻ നഷ്ടമായി കരുതിയേക്കാം. ജോസ് ബട്ലർ, ബെൻ സ്റ്റോക്സിനെ ടീമിൽ നിലനിർത്താൻ മാത്രമാകും രാജസ്ഥാൻ റെറ്റൻഷിലൂടെ തീരുമാനിക്കുക. അപ്പോൾ ടീമിന്റെ ക്യാപ്റ്റനായ താരം എട്ട് കോടിക്കോ ആറ് കോടിക്കോ ഇവരുടെ കീഴിൽ നിൽക്കേണ്ടി വന്നേക്കുമെന്ന് സ്ഥിത വന്ന സാഹചര്യത്തിലാകും മലയാളി താരത്തിന് രാജസ്ഥാൻ വിടാൻ തീരുമാനം എടുത്തിരിക്കുക എന്ന് കരുതാം.
എം എസ് ധോണിയെ പോലെ ഒരു സൂപ്പർ താരമുള്ളപ്പോൾ എന്തുകൊണ്ട് CSK സഞ്ജുവിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്നൊരു ചോദ്യം എല്ലാവർക്കും തോന്നിപ്പോകും. ധോണി എന്ത് തന്നെയാണെങ്കിലും അടുത്ത രണ്ട് മൂന്ന് സീസണിൽ ചെന്നൈയുടെ ക്യാപ്റ്റനായി തുടരാനാണ് സാധ്യത. വിക്കറ്റ് കീപ്പിങിൽ ധോണിയെ വെല്ലാൻ സഞ്ജു ആയിട്ടില്ല എന്ന് ആർക്കും നിസംശയം പറയാം.
പക്ഷെ, ചെന്നൈയുടെ ബാറ്റിങ് ലൈനപ്പിലെ ചില പോരായ്മകൾ പരിഹരിക്കാനാണ് സഞ്ജുവിനെ CSK പരിഗണിക്കുന്നത്. ഈ കഴിഞ്ഞ കിരീടം നേടിയ സീസണിൽ സിഎസ്കെയുടെ ഓപ്പണിങിന് ശേഷമുള്ള മധ്യനിര ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടില്ല. റോബിൻ ഉത്തപ്പയുടെ ചില ഇന്നിങ്സുകൾ അല്ലാതെ വൺ ഡൗണിന് ശേഷം ചെന്നൈ ടീമിന്റെ മധ്യനിരയുടെ പ്രകടനം ശരാശരിയിൽ താഴെയാണ്. ഈ വിടവ് നികത്താനാണ് സഞ്ജുവിനെ പോലെ മെല്ലെ സ്കോറുകൾ ഉയർത്താൻ കഴിയുന്ന താരത്തെ ചെന്നൈ പരിഗണിക്കുന്നത്.
ഇത് കൂടാതെ, അടുത്ത സീസണിലേക്ക് തന്നെ നിലനിർത്തരുതെന്ന് ധോണി ചെന്നൈയുടെ ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ടീമിന്റെ ഭാവിക്കായി ടീം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധോണി CSK മാനേജ്മെന്റിനോട് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് ടീം ഉടമസ്ഥനായ എൻ ശ്രീനിവാസൻ നേരത്തെ മാധ്യമങ്ങളോടായി പറഞ്ഞത്. എന്നാൽ ധോണിയെ പോലെ ഇത്രയും മാർക്കറ്റ് വാല്യു ഉള്ള താരത്തെ വിട്ട് കളയാൻ ചെന്നൈ ശ്രമിക്കില്ല. പകരം ധോണിയുടെ ആവശ്യപ്രകാരം താരത്തെ നിലനിർത്തി ടീമിന്റെ ഭാവിക്ക് വേണ്ടി എന്ന പേരിലാകും ഒരു വൺ ഡൗൺ ബാറ്റ്സ്മാനായി സഞ്ജുവിനെ CSK പരിഗണിക്കുക.
ALSO READ : T20 World Cup: ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റന്‍ ആരെന്ന സൂചന നല്‍കി വിരാട് കോഹ്ലി
സഞ്ജുവിന് നേരിട്ട് ചെന്നൈ ടീമിന്റെ ഭാഗമാകാൻ സാധിക്കില്ല. താരത്തിന് അതിനായി കാത്തിരിക്കേണ്ടി തന്നെ വരും. കാരണം, റിറ്റെഷൻ താരമായി സഞ്ജുവിനെ രാജസ്ഥാൻ പരിഗണിച്ചില്ലെങ്കിൽ അതിന് ശേഷം പുതുതായി ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്ന ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾക്ക് നിലവിലുള്ള ടീമുകൾ നിലനിർത്താത്ത മൂന്ന് താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും. ഈ രണ്ട് ടീമിന് ഇതിനായി ഡിസംബർ 25 വരെയാണ് ബിസിസിഐ സമയം അനുവദിച്ചിരിക്കുന്നത്.
ഇതിനെല്ലാം ശേഷം ജനുവരിയോടെ നടന്നേക്കാവുന്ന മെഗാ ലേലത്തിലൂടെ മാത്രമെ സഞ്ജുവിനെ ചെന്നൈയ്ക്ക് സ്വന്തമാക്കാൻ സാധിക്കു. അതിൽ പ്രധാനമായും പരമാവധി 8 കോടി വരെയാകും താരത്തിനായി ചെന്നൈ ചിലവാക്കുക. അഭ്യൂഹങ്ങൾ റിപ്പോർട്ടുകളും ഇങ്ങനെ ഒക്കെ ആണെങ്കിലും യഥാർഥ്യം എന്താണെന്ന് മെഗാ ലേലത്തോടെ അറിയാനെ സാധിക്കു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...