World's Largest Banyan Tree: ലോകത്തിലെ ചെറുതും വലുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും ഒരു ലോക റെക്കോർഡ് ഉണ്ട്. വ്യത്യസ്ത മേഖലകളിൽ ലോക റെക്കോർഡുകൾ സൃഷ്ടിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതുല്യമായ ഒരു ലോക റെക്കോർഡ് സൃഷ്ടിച്ച ഒരു മരം ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ. ഈ വന്‍മരം അതിന്‍റെ പ്രായത്തിലും, വലിപ്പത്തിലും ലോക റെക്കോർഡ് സ്ഥാപിച്ചിരിയ്ക്കുകയാണ്.
സ്വയം വളര്‍ന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചത് ഒരു വലിയ ആല്‍മരമാണ്. ഇതാണ് ലോകത്തെ ഏറ്റവും വലിയ ആല്‍മരം. ആ മരത്തിന്‍റെ പേര് ഇതിനോടകം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ദി ഗ്രേറ്റ് ബനിയൻ ട്രീ' (The Great Banyan Tree) എന്നും ഇത് അറിയപ്പെടുന്നു. ഈ ഭീമൻ വൃക്ഷത്തിന് 250 വർഷത്തിലേറെ പഴക്കമുണ്ട്. ഈ ആല്‍മരത്തെക്കുറിച്ച് കൂടുതല്‍ അറിയാം...
പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനമായ കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡനിലാണ് ഈ ഭീമൻ ആൽമരം നില്‍ക്കുന്നത്. 1787 ലാണ് ഈ മരം ഇവിടെ നട്ടുപിടിപ്പിച്ചതെന്ന് പറയപ്പെടുന്നു, അപ്പോൾ അതിന്‍റെ പ്രായം 20 വയസ്സായിരുന്നു. ഗ്രേറ്റ് ബനിയൻ ട്രീക്ക് (The Great Banyan Tree) ധാരാളം ശാഖകളും വേരുകളുമുണ്ട്. ഒരു പൂന്തോട്ടത്തെ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഇതിന്‍റെ വ്യാപ്തി എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നും
ഈ ആല്‍മരം വളരെ വലുതാണ്, കണ്ടാല്‍ ഒരു വനം പോലെയേ തോന്നൂ, ഈ മരത്തിന്‍റെ ഉയരം ഏകദേശം 24 മീറ്ററാണ്, ഈ വൃക്ഷം 14,500 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. ഇതിന് മൂവായിരത്തിലധികം വേരുകള്‍ ഉണ്ട്. ഇപ്പോള്‍ ഈ വേരുകള്‍ വളര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. അതിനാല്‍ ഈ ഭീമൻ ആൽമരത്തെ 'വാക്കിംഗ് ട്രീ' എന്നും വിളിക്കുന്നു.
ഈ ഭീമാകാരമായ ആൽമരത്തിൽ 80-ലധികം ഇനം പക്ഷികൾ വസിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ വിശ്വസിക്കില്ല. ഈ മരം വളരെ വലുതും ശക്തവുമാണ്. 1884 ലും 1925 ലും ഉണ്ടായ കനത്ത ചുഴലിക്കാറ്റുകളിൽ പോലും ഈ മരത്തിന് യാതൊരു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നതാണ് സത്യം. എന്നിരുന്നാലും മരത്തിന്‍റെ ചില ശാഖകള്‍ക്ക് പൂപ്പൽ സംഭവിച്ചതിനാല്‍ അവ മുറിച്ചു മാറ്റേണ്ടി വന്നു.
ഈ പടുകൂറ്റൻ ആൽമരം നൂറ്റാണ്ടുകളായി ലോകമെമ്പാടും പ്രസിദ്ധമാണ്. അതിന്‍റെ ബഹുമാനാർത്ഥം ഇന്ത്യാ ഗവൺമെന്‍റ് 1987-ൽ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രതീകമായും ഈ വൃക്ഷം കണക്കാക്കപ്പെടുന്നു.
ഈ ആൽമരത്തിന്‍റെ സംരക്ഷണത്തിനായി ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. 13 പേരാണ് ഈ ടീമിലുള്ളത്. ഈ ടീമില്‍ സസ്യശാസ്ത്രജ്ഞർ മുതൽ തോട്ടക്കാർ വരെയുണ്ട്. അവർ എപ്പോഴും ഈ വൃക്ഷത്തെ പരിപാലിക്കുന്നു, മരത്തെ പരിശോധിക്കുകയും ചെയ്യുന്നു.