ഗ്രീൻ ടീ, ബ്ലാക്ക് ടീ തുടങ്ങിയവയെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചുമൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. എന്നാൽ നീല ചായയെ കുറിച്ച് കേട്ടിട്ടുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ശംഖുപുഷ്പം ഉപയോഗിച്ച് തയാറാക്കുന്ന ചായയാണിത്. ബ്ലൂ ടീ രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയിലാണ്. നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് ശംഖുപുഷ്പം. ക്ലിറ്റോറിയ ടെർണാടീ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. എന്താണ് ഈ ബ്ലൂ ടീ എന്ന് നോക്കാം...
ശംഖുപുഷ്പത്തിന്റെ ഉണങ്ങിയതോ പുതിയതോ ആയ ഇലകള്‍ കൊണ്ട് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ. ഇതിൽ തേയില ചേർക്കില്ല. തികച്ചും കഫീൻ രഹിതമായ ഈ ചായ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇതിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാൻ ഈ ചായ സഹായിക്കും. ഒപ്പം മികച്ച ഉറക്കം കിട്ടാനും ഒരു നല്ല പരിഹാര മാര്‍ഗമാണ് നീല ചായ.
ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് ശംഖുപുഷ്പമിട്ട് നന്നായി തിളപ്പിച്ച് വേണം ഈ ചായ തയാറാക്കാൻ. ഇത് പിന്നീട് ചെറിയ ചൂടോടെ കുടിക്കാവുന്നതാണ്. പഞ്ചസാരയോ മറ്റ് കഫീനുകളോ ചേർക്കരുത്. ശംഖുപുഷ്പം ഉണക്കി പൊടിച്ച പൊടി ഉപയോഗിച്ചും ചായ തയ്യാറാക്കി കുടിക്കാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ബ്ലൂ ടീ സഹായിക്കും.
മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് ബ്ലൂ ടീ. വാത പിത്ത കഫത്തെ ശമിപ്പിക്കാനും ഇത് സഹായിക്കും. കുട്ടികളിൽ ബുദ്ധിശക്തിയും ധാരണ ശക്തിയും കൂട്ടും. ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാന്‍ ഈ ചായ സഹായിക്കും. ശരീരബലം വര്‍ധിപ്പിക്കാനും ബ്ലൂ ടീ സഹായിക്കും.