ലോകത്തിലെ പ്രശസ്തരായ റേസേഴ്സ് ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകൾ നേരാനുമായി താരങ്ങൾ അണിനിരന്നു. സിനിമ സ്പോർട്സ് മേഖലകളിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും സച്ചിൻ ടെണ്ടുൽക്കറും മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ എലെക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്.
ആയിരക്കണക്കിന് റേസിങ് ആരാധകർ വേദിയിൽ തടിച്ചു കൂടി.
ഫോർമുല വണ്ണിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോൾ താരനിബിഢമായ ഒരു റേസിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.
തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, യാഷ്, റാം ചരൺ തുടങ്ങി നിരവധി താരങ്ങളും ഇ പ്രിക്സിൽ പങ്കെടുത്തു.
ജീൻ എറിക് വെർഗ്നെ ഒന്നാമതായി മത്സരത്തിൽ ഫിനിഷ് ചെയ്തപ്പോൾ നിക്ക് കാസിഡി, സെബാസ്റ്റ്യൻ ബ്യുമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.