ശനിയാഴ്ച്ചയാണ് പ്രശസ്തമായ സാന്‍റിയാഗോ കോമിക് കോൺ നടന്നത്. മാർവൽ, ഡി.സി സ്റ്റുഡിയോകൾ അവരുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രഖ്യാപിക്കുന്നത് ഈ വേദിയിലാണ്. ആരാധകരെ ആവേശഭരിതരാക്കി നിരവധി ചിത്രങ്ങളാണ് മാർവൽ അവരുടെ ഫേസ് 5 ന്‍റെയും 6 ന്‍റെയും ഭാഗമായി പ്രഖ്യാപിച്ചത്. ഇതോടെ 2025 വരെ പുറത്തിറങ്ങാൻ പോകുന്ന മുഴുവൻ ചിത്രങ്ങളുടെയും ഡിസ്നി പ്ലസ് സീരീസുകളുടെയും വിവരങ്ങൾ മാർവൽ പുറത്ത് വിട്ട് കഴിഞ്ഞു. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ഇനിയും ആരംഭിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
പ്രഖ്യാപിച്ച സിനിമകളിൽ രണ്ട് അവഞ്ചേഴ്സ് ചിത്രങ്ങൾ ഉണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2019 ൽ പുറത്തിറങ്ങിയ അവസാന അവഞ്ചേഴ്സ് ചിത്രമായ എൻഡ് ഗെയിം ബോക്സ് ഓഫീസ് കളക്ഷനിൽ അവതാറിനെപ്പോലും മറികടന്നിരുന്നു. മാർവലിന്‍റെ സൂപ്പർ ഹീറോകൾ ഒന്നിച്ച് വരുന്ന അവഞ്ചേഴ്സ് ചിത്രത്തിൽ ഫേസ് 4 ൽ മാർവൽ പരിചയപ്പെടുത്തിയ സൂപ്പർ ഹീറോ കഥാപാത്രങ്ങളെയും ഇനി കാണാൻ സാധിക്കും. മാർവലിൽ ഇപ്പോൾ നടക്കുന്ന മൾട്ടീവേഴ്സ് സാഗയുടെ ഭാഗമായാകും ഫേസ് 5 ലെയും 6 ലയും ചിത്രങ്ങൾ. ഈ വർഷം നവംബറിൽ പുറത്തിറങ്ങുന്ന 'ബ്ലാക്ക് പാന്തർ: വക്കാണ്ടാ ഫോർ എവർ' എന്ന ചിത്രത്തോടെ മാർവലിന്‍റെ ഫേസ് 4 അവസാനിക്കും.
Read Also: Kuri Movie : പെൺ ഭ്രൂണഹത്യ മുതൽ കല്യാണ കമ്പോളത്തിലെ പീഡന മരണങ്ങൾ വരെ; കുറിക്ക് കൊള്ളുന്ന കുറി
ഫേസ് 5 ആരംഭിക്കുന്നത് അടുത്തവർഷം പുറത്തിറങ്ങുന്ന 'ആന്‍റ്മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടം മാനിയ' എന്ന ചിത്രത്തോടെയാണ്. ആന്‍റ്മാൻ ആന്‍റ് ദി വാസ്പ്, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോളിയം 3, ദി മാർവൽസ്, ബ്ലേഡ്, ക്യാപ്റ്റൻ അമേരിക്ക: ന്യൂ വേൾഡ് നോർമൽ, തണ്ടർബോൾട്ട്സ് എന്നീ സിനിമകളും സീക്രട്ട് ഇൻവേഷൻ, എക്കോ, ലോക്കി സീസൺ 2, അയൺ ഹാർട്ട്, അഗാത: കോവൻ ആന്‍റ് കായോസ്, ഡെയർ ഡെവിൾ: ബോൺ എഗെയിൻ എന്നീ ഡിസ്നി പ്ലസ് സീരീസുകളുമാണ് മാർവലിന്‍റെ ഫേസ് 5 ന്‍റെ ഭാഗമായി പുറത്തിറങ്ങുന്നത്. 'തണ്ടർബോൾട്ട്' എന്ന ചിത്രത്തോടെ ഫേസ് 5 അവസാനിക്കും. ഫേസ് 6 ആരംഭിക്കുന്നത് 2024 നവമ്പറിൽ പുറത്തിറങ്ങുന്ന 'ഫെന്‍റാസ്റ്റിക് ഫോറോടെയാണ്'.
അവഞ്ചേഴ്സ് കാങ്ക് ഡൈനാസിറ്റി, അവഞ്ചേഴ്സ് സീക്രട്ട് വാർസ് എന്നിവയാണ് ഫേസ് 6 ൽ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങൾ 2025 നവമ്പർ 7 ന് പുറത്തിറങ്ങുന്ന അവഞ്ചേഴ്സ് സീക്രട്ട് വാർസ് എന്ന ചിത്രത്തോടെ ഫേസ് 6 ഉം മാർവലിന്‍റെ മൾട്ടീവേഴ്സ് സാഗയും അവസാനിക്കും. ഇവ കൂടാതെ ഇനി പ്രഖ്യാപിക്കപ്പെടാത്ത ചിത്രങ്ങളും സീരീസുകളും കൂടെ ഈ 2 ഫേസിലായി പുറത്തിറങ്ങാനും സാധ്യതയുണ്ട്. ഇവ മാത്രമല്ലാതെ ഷീ ഹൾക്ക് എന്ന ഡിസ്നി പ്ലസ് സീരീസിന്‍റെയും ബ്ലാക്ക് പാന്തർ: വക്കാണ്ടാ ഫോർ എവർ എന്ന ചിത്രത്തിന്‍റെയും ട്രൈലർ സാന്‍റിയാഗോ കോമിക് കോൺ വഴി പുറത്തിറക്കിയിരുന്നു. ഫേസ് 4 ന്‍റെ ഭാഗമായി പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും നിരാശപ്പെടുത്തിയ സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തോടെ മാർവൽ ആരാധകർ വൻ ആവേശത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...