ലൂസിഫറിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു പികെ രാംദാസ്. സച്ചിൻ ഖേദേക്കർ എന്ന നടനാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. സ്ക്രീൻ ടൈം കുറവായിരുന്നുവെങ്കിലും ആ കഥാപാത്രവും ഡയലോഗും എപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കും. പികെ രാംദാസ് എന്ന വന്മരം വീണു എന്ന ഡയലോഗ് ആരും മറക്കാനിടയുണ്ടാവില്ല. സ്റ്റീഫൻ നെടുമ്പള്ളിയെന്ന മോഹൻലാൽ കഥാപാത്രത്തെ ചേർത്തുനിർത്തിയ ആളാണ് പികെ രാംദാസ്.
ലൂസിഫറിൽ പികെ രാംദാസ് മരിച്ചതിന് ശേഷമുള്ള കാര്യങ്ങളാണ് കാണിക്കുന്നത്. അതിനാൽ എമ്പുരാനിൽ ഈ കഥാപാത്രമുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ എമ്പുരാനിലും പികെ രാംദാസ് ഉണ്ടാകും എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ക്യാരക്ടർ വീഡിയോകൾ അണിയറക്കാർ പുറത്തിറക്കിയിരുന്നു. അതിൽ ക്യാരക്ടർ നമ്പർ 16 ആണ് പികെ രാംദാസ്.
Also Read: Thudarum Song Promo: മോഹൻലാൽ ചുണ്ടനക്കി, എംജി ശ്രീകുമാർ പാടി; 'തുടരും' ആദ്യ സിംഗിൾ ഉടൻ, പ്രോമോ വൈറൽ
കഥാപാത്രത്തെ കുറിച്ച് നടൻ സച്ചിൻ ഖേദേക്കർ പറയുന്നത്.
പ്രേക്ഷകർക്കിടയിൽ ഞാൻ പികെആർ ആയിട്ടാണ് അറിയപ്പെടുന്നത്. നീതിക്ക് വേണ്ടി നിന്ന നേതാവാണ് പികെ രാംദാസ്. സ്ക്രീൻ ടൈം കുറവായിരുന്നുവെങ്കിൽ ഏറ്റവും ഓർത്തുവയ്ക്കാൻ കഴിയുന്ന കഥാപാത്രമാണത്. പ്രേക്ഷകരുടെ സ്നേഹം ആ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു. യാത്രകളിലും മറ്റും കാണുമ്പോൾ മലയാളികൾ വന്ന് ചോദിക്കുന്നത് പികെആർ അല്ലേ എന്നാണ്. രണ്ടാം ഭാഗത്തിന്റെ കാര്യത്തിലും ഞാൻ വളരെ ആവേശത്തിലാണ്. ലൂസിഫറിലെ സ്ക്രീൻ ടൈമിനെക്കാളും കുറവാണ് തനിക്ക് എമ്പുരാനിൽ ഉള്ളത്. എങ്കിലും ചിത്രത്തിലുടനീളം ആ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ട്. ലാൽ സാറുമായും പൃഥ്വിയുമായും വീണ്ടും വർക്ക് ചെയ്യാൻ അവസരം കിട്ടിയതിൽ സന്തോഷം.
2025 മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്ശനത്തിനെത്തും. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, തുടങ്ങി ലൂസിഫറിലുണ്ടായിരുന്ന താരങ്ങളും പുതിയ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.