ഒരാഴ്ച്ച മുൻപാണ് ആദിപുരുഷ് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ടീസർ പുറത്തിറങ്ങിയത് മുതൽ വലിയ രീതിയിലുള്ള ട്രോളുകൾ ചിത്രത്തിന് നേരിടേണ്ടി വന്നു. പ്രധാനമായും പലരും ആദിപുരുഷിന്റെ വി.എഫ്.എക്സ് രംഗങ്ങളുടെ നിലവാരമാണ് വിമർശിച്ചത്. ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിച്ചാലും വി.എഫ്.എക്സിന് പ്രാധാന്യം കൂടുതലുള്ള ചിത്രങ്ങൾ കുറവാണ്.
ഇന്ത്യൻ സിനിമകൾ നേരിടുന്ന ബജറ്റിന്റെ പരിമിതി ഇതിന് ഒരു പ്രധാന കാരണമാണ്. വി.എഫ്.എക്സിന് വേണ്ടി ഭീമമായ തുക മുടക്കാനുള്ള മടി കാരണം പല പ്രൊഡ്യൂസർമാരും വി.എഫ്.എക്സിന് പ്രാധാന്യമുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ മടി കാണിക്കുന്നു. ഇത് മറി കടന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ വി.എഫ്.എക്സിലെ നിലവാരം പ്രേക്ഷകരാൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ് നിലവിലെ ഇന്ത്യൻ ചിത്രങ്ങളുടെ അവസ്ഥ. എന്നാൽ വി.എഫ്.എക്സിന്റെ കാര്യത്തിൽ വളരെയധികം പ്രശംസ പിടിച്ച് പറ്റിയ ചില ഇന്ത്യൻ ചിത്രങ്ങളും നിലവിലുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം..
1. റാ.വൺ
2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രമാണ് റാ.വൺ. അനുഭവ് സിൻഹയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ചിത്രമാണിത്. വിദേശ സൂപ്പർ ഹീറോ ചിത്രങ്ങളിൽ കണ്ടിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സൂപ്പർ ഹീറോ ഒറിജിൻ സ്റ്റോറിയാണ് റാ.വൺ എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും നിരവധി വി.എഫ്.എക്സ് ആർട്ടിസ്റ്റുകൾ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
റിച്ചാർഡ് ഫെറോൺ എന്ന പ്രമുഖ ലണ്ടൺ ബെയ്സ്ഡ് കളറിസ്റ്റാണ് ചിത്രത്തിന്റെ കളർ ഗ്രേഡിങ്ങ് നിര്‍വഹിച്ചത്. റെഡ് ചില്ലീസ് ലോകത്തെ പല പ്രമുഖ വി.എഫ്.എക്സ് സ്റ്റുഡിയോകളുമായി സഹകരിച്ചാണ് റാ.വണ്ണിന് വേണ്ടി വി.എഫ്.എക്സ് ചെയ്തത്. ചിത്രത്തിലെ വിഷ്വൽ എഫക്ടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്
ജെഫ്രി ക്ലീസറാണ്. പ്രമുഖ അമേരിക്കൻ സാങ്കേതിക വിദഗ്ദ്ധരായ എൻവിഡിയയാണ് സിനിമക്കാവശ്യമായ വിഷ്വൽ എഫക്ടുകൾ ക്രിയേറ്റ് ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ വിതരണം ചെയ്തത്. 130 കോടിയായിരുന്നു റാ.വണിന്റെ നിർമ്മാണ ചെലവ്. 3 ഡിയില്‍ പുറത്തിറങ്ങിയ റാ.വൺ എന്ന ചിത്രത്തിലെ വി.എഫ്.എക്സിന് റിലീസ് ചെയ്തപ്പോൾ മുതല്‍ വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു. 2011 ലെ ഏറ്റവും മികച്ച വിഷ്വൽ എഫക്ടിനുള്ള ദേശീയ പുരസ്കാരവും റാ.വണിനെ തേടിയെത്തി.
2. സീറോ
ആനന്ദ്.എൽ.റായിയുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് സീറോ. 200 കോടിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ഷാരൂഖ് ഖാൻ, അനുഷ്ക ശർമ, കത്രീന കൈഫ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ നായക കഥാപാത്രമായ ബൗവ്വ സിങ്ങ് പൊക്കം കുറഞ്ഞ ഒരു വ്യക്തിയാണ്. ഈ കഥാപാത്രമായി ഷാരൂഖ് ഖാനെ ചിത്രീകരിക്കുന്നതിനായിരുന്നു ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിച്ചിട്ടുള്ളത്. ലോർഡ് ഓഫ് ദി റിങ്സ് ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീറോയിലെ വി.ഫ്.എക്സ് രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്.
സിനിമയിൽ മറ്റ് കഥാപാത്രങ്ങൾ ഷാരൂഖ് ഖാന്റെ കഥാപാത്രത്തിനോട് സംസാരിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഷാരൂഖിന് ഗ്രീൻ മാറ്റിലുള്ള ഒരു കുഴിയിൽ ഇറങ്ങി നിൽക്കേണ്ടി വന്നു. ഒരു സീനിലെ വി.എഫ്.എക്സ് രംഗങ്ങള്‍ പൂർണ്ണമായും ചിത്രീകരിക്കുന്നതിന് ഒരു രംഗം തന്നെ നാല് തവണ വരെയായിരുന്നു സീറോയിൽ ചിത്രീകരിച്ചിരുന്നത്. ചിത്രത്തിൽ ഷാരൂഖും അനുഷ്കാ ശർമയും ഒന്നിച്ചുള്ള ഒരു പാട്ട് 14 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്. റെഡ് ചില്ലി സ്റ്റുഡിയോസാണ് സീറോയുടെ വി.എഫ്.എക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. സീറോയിലെ വി.എഫ്.എക്സിന് ആ വർഷത്തെ മികച്ച വിഷ്വൽ എഫക്ടിനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.
3. 2.O
ഷങ്കറിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് 2.O. സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി അഭിനയിച്ച് 2010 ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.O. അക്ഷയ് കുമാറാണ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി പൂർണമായും 3ഡി ക്യാമറയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് 2.O.
ചിത്രത്തിലെ അനിമെട്രോണിക്സ് രംഗങ്ങൾ ചെയ്തത് അമേരിക്കൻ സ്പെഷ്യൽ എഫ്ക്ട്സ് സ്റ്റുഡിയോയായ ലെജസി എഫക്ട്സാണ്. അമേരിക്കൻ ആനിമേഷൻ കമ്പനിയായ ടൗ ഫിലിംസിൽ നിന്നും ജോൺ ഹ്യൂസും വാൾട്ട് ജോൺസും ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഏതാണ്ട് 500 കോടിയോളം ബജറ്റിൽ പുറത്തിറങ്ങിയ 2.O 2018 ൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ നിർമ്മാണ ചെലവുള്ള ചിത്രമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...