സുന്ദർ റെഡ്ഡിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേക്കി നായകനായി അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ഏജന്‍റ. മലയാളത്തിന്‍റെ പ്രിയ താരം മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു തെലുങ്ക് ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ അമാനുഷിക എലമെന്‍റുകളും സമം ചേർത്ത് നിർമ്മിച്ചിട്ടും യാതൊരു വിധത്തിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ ഏജന്‍റിനാകുന്നില്ല. ചിത്രത്തിന്‍റെ പശ്ചാത്തലം തന്നെയാണ് അതിന്‍റെ പ്രധാന കാരണം.
ചെറുപ്പം മുതലേ റോ ഏജന്‍റ് ആകാൻ സ്വപ്നം കാണുകയും അതിന് വേണ്ടി തന്‍റേതായ ഒരു മായാലോകത്ത് ജീവിക്കുകയും ചെയ്യുന്ന റിക്കിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റോ ചീഫ് ആയ കേണൽ മഹാദേവ് ആണ് റിക്കിയുടെ ആരാധനാ പുരുഷൻ. ഏജന്‍റാകാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും റിക്കി റോയിലേക്ക് ആയക്കുന്ന എല്ലാ അപേക്ഷകളും നിരസിക്കപ്പെടുന്നു. എന്നാൽ ഒരു പ്രത്യേക മിഷന് വേണ്ടി റിക്കിയെ കേണൽ മഹാദേവൻ റോയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്.
ഒരു ആക്ഷൻ ചിത്രത്തിന്‍റെ നട്ടെല്ല് അതിനായി നൽകുന്ന സാങ്കേതിക മികവാണ്. എന്നാൽ ആ കാര്യത്തിൽ ഏജന്‍റ് എന്ന ചിത്രം പൂർണമായും പരാജയപ്പെടുകയാണ്. വീഡിയോ ഗെയിമുകളെ ഓർമ്മിപ്പിക്കുന്ന ചിത്രത്തിലെ വിഎഫ്എക്സ് വർക്കുകൾ വളരെയധികം അരോചകം ആയിരുന്നു. ആർ.ആർ.ആർ, ബാഹുബലി പോലെ വിഎഫ്എക്സിൽ ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രങ്ങൾ പുറത്തിറങ്ങിയ ടോളിവുഡില്‍ നിന്നാണ് തൊണ്ണൂറുകളിലെ മലയാളം സിനിമകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മോശം വിഎഫ്എക്സ് രംഗങ്ങളുമായി ഏജന്‍റ് പുറത്തിറങ്ങിയത് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.
സാങ്കേതിക വിദ്യയിലുള്ള ഈ നിലവാരത്തകർച്ച ചിത്രത്തിന്‍റെ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. സിനിമയുടെ ഏറ്റവും വലിയ മറ്റൊരു ന്യൂനത വളരെയധികം പ്രെഡിക്ടബിൾ ആയ സ്റ്റോറി ലൈനാണ്. വില്ലനെ അടിച്ചിടുന്ന നായകനെ കണ്ട് പ്രേമം തോന്നുന്ന നായികയെപ്പോലെ, കണ്ട് മടുത്ത രംഗങ്ങളും ഏജന്‍റിലുണ്ട്. വിഎഫ്എക്സ് ഒഴിച്ച് നിർത്തിയാലുള്ള മറ്റെല്ലാ കാര്യങ്ങളും ഒരു ടിപ്പിക്കൽ തെലുങ്ക് ചിത്രത്തിൽ സ്ഥിരമായി കണ്ട് വരുന്ന ചേരുവകകൾ ആണെന്ന് കരുതി ക്ഷമിക്കാം. എന്നാലും സിനിമയിൽ പ്രേക്ഷകരെ മടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകം അഖിൽ അക്കിനേക്കിയുടെ പ്രകടനമാണ്.
റിക്കി എന്ന കഥാപാത്രത്തെ വളരെയധികം അരോചകമായാണ് അഖിൽ അക്കിനേനി സ്ക്രീനില്‍ അവതരിപ്പിച്ചിട്ടുള്ളത്. അനാവശ്യമായ ആറ്റിറ്റ്യൂഡിലും ശരീര ഭാഷയിലും വലിയ രീതിയിൽ കൃത്രിമത്വം കലർന്നിട്ടുണ്ട്. ഏജന്‍റിൽ ഏറ്റവും വലിയ പോസിറ്റീവ് മമ്മൂട്ടിയുടെ കഥാപാത്രമാണ്. സംവിധായകൻ സുന്ദർ റെഡ്ഡി റിലീസിന് മുൻപ് പറഞ്ഞതുപോലെ സിനിമയുടെ ഹൈലൈറ്റ് മമ്മൂട്ടിയാണ്. മറ്റൊരു പ്രധാന നായകൻ ഉള്ള ചിത്രമായിട്ടുപോലും ഏജന്‍റിൽ മമ്മൂട്ടിക്ക് നൽകിയിരിക്കുന്ന പ്രാധാന്യം എടുത്ത് പറയേണ്ടതാണ്.
കഥയുടെ നട്ടെല്ല് തന്നെ മമ്മൂട്ടിയുടെ കഥാപാത്രമായ കേണൽ മഹാദേവ് ആണ്. ചുരുക്കത്തിൽ നായകൻ അഖിൽ അക്കിനേക്കി ആണെങ്കിലും ചിത്രത്തിൽ കയ്യടി ലഭിക്കുന്ന രംഗങ്ങളെല്ലാം ചെയ്ത് വച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. എന്നാൽ ഈ കഥാപാത്രത്തിന് വേണ്ടി മമ്മൂട്ടി ഡബ് ചെയ്യാത്തത് അദ്ദേഹത്തിന്‍റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു നിരാശ തന്നെയാണ്. ചുരുക്കത്തിൽ മമ്മൂട്ടി എന്ന ഒരു വൻ മരത്തിന്‍റെ ബലത്തിൽ ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഏജന്‍റ്. സാങ്കേതിക മികവിൻറെ കാര്യത്തിലും മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിൻറെ കാര്യത്തിലും ചിത്രം നിരാശപ്പെടുത്തിയെന്ന് തന്നെ പറയേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...