തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാരാന്ത്യലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമ്പൂർണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണ്. സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്ക് കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മിതത്വം പാലിക്കണമെന്നും ആഘോഷങ്ങൾ പ്രോട്ടോകോൾ പാലിച്ച് മാത്രം മതിയെന്നും അദ്ദേഹം പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.
അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ലോക്ഡൗൺ ആവശ്യമില്ലെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സർക്കാരും. പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന പരിഗണനയിലാണ് ലോക്ഡൗൺ വേണ്ടെന്ന തീരുമാനം മുന്നോട്ട് വയ്ക്കുന്നത്.
ഇന്നലെ രാത്രി ചേർന്ന കൊവിഡ് വിദഗ്ധസമിതിയുടെ യോഗത്തിൽ രണ്ട് ആഴ്ച ലോക്ഡൗൺ വേണമെന്ന നിർദേശം ഉണ്ടായി. കൊവിഡ് രണ്ടാംതരംഗത്തിൽ വലിയ വ്യാപനം ആണ് ഉണ്ടാകുന്നത്. അന്തർസംസ്ഥാന യാത്രക്കാരുടെ വരവ് ശക്തമാകുന്നതോടെ മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിലും എത്തും. ഇതിന്റെ പകർച്ച ചെറുക്കണമെങ്കിൽ രണ്ട് ആഴ്ചയെങ്കിലും ആളുകൾ തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗൺ വേണമെന്നാണു വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോൾ ലോക്ഡൗൺ വേണമെന്ന് അവിടുത്തെ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും സർക്കാരുകൾ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണ് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കൊവിഡ് വിദഗ്ധ സമിതിയിൽ ചിലർ കണക്കുകൾ സഹിതം അവതരിപ്പിച്ചു. വിദഗ്ധസമിതിയുടെ ശുപാർശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ഡൗൺ വേണ്ടെന്ന നിലപാടിൽ സർക്കാരിന് അയവു വന്നിട്ടുണ്ട്.
എന്നാൽ സർക്കാർ മാത്രമായി തീരുമാനിക്കേണ്ടെന്നും ലോക്ഡൗൺ വേണോയെന്നത് സർവകക്ഷി യോഗത്തിന് വിടാമെന്നുമാണ് ധാരണ. ലോക്ഡൗൺ വേണ്ടെന്ന ശക്തമായ എതിർപ്പ് ഉയർന്നാൽ എറണാകുളം ജില്ലയിൽ ഇന്നലെ മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനമാകെ ബാധകമാക്കും. സർവകക്ഷി യോഗത്തിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...