തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് എന്നീ ഇനങ്ങളില്‍ 20,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വെട്ടിക്കുറച്ചതായി ധനമന്ത്രി പറഞ്ഞു.
32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അര്‍ഹമായതിന്റെ പകുതി മാത്രമാണ്. ഇതിനു പുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റില്‍ 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ALSO READ: സ്വന്തം വാർഡിൽ 1382 പേർ, മുഴുവൻ പേർക്കും ഇൻഷുറൻസ് എടുത്തു; ഈ കൗണ്‍സിലര്‍
കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി 40,000 കോടിയില്‍പ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ഇതിന് പുറമെയാണ് പുതിയ വെട്ടിക്കുറവ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 22,000 കോടി രൂപയാണ് സംസ്ഥാനം വായ്പാ പരിധി പ്രതീക്ഷിച്ചത്. എന്നാല്‍ മൊത്തം വര്‍ഷത്തേക്ക് നിശ്ചയിച്ച പരിധിയാകട്ടെ 15,390 കോടി രൂപ മാത്രവും. ഫിസ്‌കല്‍ റസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് ആക്റ്റ് (എഫ്.ആര്‍.ബി.എം ആക്റ്റ്) നിഷ്‌കര്‍ഷിക്കുന്ന വായ്പാ തുക പോലും കേന്ദ്രം നല്‍കുന്നില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഫെഡറല്‍ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങള്‍ വര്‍ധിപ്പിച്ചും ജനങ്ങളുടെ പിന്തുണയോട് കൂടിയുമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം പിടിച്ചുനിന്നത്. കേരളത്തില്‍ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോള്‍ ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ അത് 40 ശതമാനം മാത്രമാണെന്നും ബാക്കി കേന്ദ്ര സഹായമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...