താള വിസ്മയത്താൽ ആസ്വാദക മനസിനെ അനുഭൂതിയുടെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകാൻ ഇനി കരുണാമൂർത്തിയില്ല. ഇന്ന് ഉച്ചക്ക് 2ന് വൈക്കത്തെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം.
തകിൽ എന്ന വാദ്യോപകരണത്തിന്റ അനന്തസാധ്യതകൾ അനുഭവവേദ്യമാക്കിയ പ്രതിഭാധനനായ കലാകാരനായിരുന്നു കരുണാമൂർത്തി. ആലപ്പുഴ സ്വദേശിയായ കരുണാമൂർത്തി വൈക്കം ക്ഷേത്ര കലാപീഠത്തിലെ അധ്യാപകനായിരുന്നു. നാദസ്വരൂപനായ വൈക്കത്തപ്പന്റ സന്നിധിയിൽ വന്നതോടെയാണ് കരുണാമൂർത്തിയുടെ കലാജീവിതം മാറി മറിയുന്നത്.
ചുരുങ്ങിയ കാലത്തിനിടയിൽ പ്രതിഭ തെളിയിച്ച് പ്രശസ്തിയിലേക്കുദിച്ചുയർന്ന കരുണാമൂർത്തി ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലെ കലാസ്വാദകരെ തന്റെ തകിൽ വാദനത്താൽ വിസ്മയിപ്പിച്ചു. ഫ്രാൻസിൽ നിന്ന് നിരവധിപേർ വൈക്കത്തെത്തി കരുണാമൂർത്തിയുടെ ശിക്ഷണത്തിൽ തകിൽ അഭ്യസിച്ചു. ലോകോത്തര വാദ്യ കലാകാരൻമാരായ സ്റ്റീവ് സ്മിത്ത്, ഹക്കിംലുദിൻ ,കാർ ലോസ് സന്താന , സക്കീർ ഹുസൈൻ, കദ്രി ഗോപിനാഥ് എന്നിവർക്കൊപ്പം ഫ്യൂഷൻ തീർത്ത കരുണാമൂർത്തി മട്ടന്നൂരിന്റ ചെണ്ടയ്ക്കൊപ്പം തകിലിൽ കൊട്ടിക്കയറിയത് ആസ്വാദക മനസിൽ നവ്യാനുഭവമായിരുന്നു.
സംഗീത നാടക ആക്കാദമി പുരസ്‌കാരം, കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു മൂർത്തിക്ക് ആരാധകര്‍ ഏറെയും. ഇംഗ്ലണ്ട്, ജര്‍മനി, കാനഡ, എന്നിവിടങ്ങളിലെ നൂറുകണക്കിന് വേദികളില്‍ നാദ താളലയ വിന്യാസത്താൽ തകിലിനെ ജനകീയമാക്കി. സിനിമയോടു പ്രണയമുണ്ടായിരുന്ന മൂർത്തി അപ് ആൻഡ് ഡൗൺസ് എന്ന മലയാള ചലച്ചിത്രത്തിന്റ നിർമ്മാണത്തിലും പങ്കാളിയായിരുന്നു. അടുത്ത കാലത്ത് നടനായും കരുണാമൂർത്തി ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. കലാകാരനെന്ന നിലയിൽ പുതിയ മേഖലകളിലേക്ക് കടക്കുന്നതിനിടയിൽ അകാലത്തിൽ കരുണാമൂർത്തി വിടവാങ്ങിയത് വൈക്കത്തെയും ശോകമൂകമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.