കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ വിദഗ്ധ സമിതിയെ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കാട്ടാനയെ മാറ്റുന്നതിനായി സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തുനിൽക്കണ്ടെന്നും ആവശ്യമായ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ വനം വകുപ്പിനെ കോടതി വിമർശിക്കുകയും ചെയ്തു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻറ് നോക്കുന്നതെന്നും ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.
ALSO READ: വന്ദേഭാരത് ട്രെയിൻ രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; തമ്പാനൂരിൽ നിന്ന് പുറപ്പെട്ടത് 5.20ന്
അതേസമയം, വിദഗ്ദ്ധ സമിതിയുടെ കൺവീനർ സ്ഥലത്ത് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണം എന്നതിൽ വിദഗ്ദ്ധ സമിതി സീൽ വെച്ച കവറിൽ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ തരട്ടെയെന്ന് സർക്കാർ പറഞ്ഞു. പ്രത്യേക ടാസ്ക് ഫോഴ്സ് എന്തായി എന്ന് കോടതി ചോദിച്ചു. ഏറ്റവും പ്രശ്നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്ക്ക് ഫോഴ്സ് രൂപികരിക്കാം. ടാസ്ക് ഫോഴ്സിൽ ഒരാൾക്ക് ഉത്തരവാദിത്തം വേണമെന്നും അത് ഡിഎഫ്ഒ ആയാലും വൈൽഡ് ലൈഫ് വാർഡൻ ആയാലും പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതോടെ ചിന്നക്കനാൽ നിവാസികൾക്ക് ആശ്വാസമായെങ്കിലും പറമ്പിക്കുളത്ത് പ്രതിഷേധം ആരംഭിച്ചു. കാട്ടാനകളുടെ ശല്യം രൂക്ഷമായി അനുഭവിക്കുന്ന മേഖലയാണ് പറമ്പിക്കുളം. അരിക്കൊമ്പനെ കൂടി ഇവിടേയ്ക്ക് എത്തിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ആദിവാസി മേഖലയായ പറമ്പിക്കുളത്ത് ഏതാണ്ട് 600ൽ അധികം കുടുംബങ്ങളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പറമ്പിക്കുളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പറമ്പിക്കുളത്തോട് ചേർന്നുകിടക്കുന്ന മുതലമട, കൊല്ലങ്കോട് ഭാഗത്തെ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് മുതലമടയിലും കൊല്ലങ്കോടും ഇറങ്ങിയത്. ഈ മേഖലകളിൽ കാട്ടാനകൾ 46 ലക്ഷത്തിലധികം രൂപയുടെ കൃഷിനാശം വരുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...