Lucknow: ഒരുകാലത്ത് സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസിനെയും മായവതിയേയും തള്ളിപ്പറഞ്ഞ് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്... മായാവതിയും കോൺഗ്രസും ദുർബല സഖ്യകക്ഷികള്‍...!!
അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Uttar Pradesh Assembly Election 2022) നടക്കാനിരിയ്ക്കെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഭരണകക്ഷിയായ BJP അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് മുന്നോട്ടു കുതിയ്ക്കുകയാണ്. BJPയെ സംബന്ധിച്ചിടത്തോളം ഭരണം നിലനിര്‍ത്തുക അനിവാര്യമാണ്. കോവിഡ് വരുത്തിവച്ച മാനഹാനിയില്‍ നിന്നും രക്ഷപെടാനുള്ള ശ്രമങ്ങളാണ് BJPയില്‍ നടക്കുന്നത്. അതിനിടെ പാര്‍ട്ടിയിലെ ഉള്‍പ്പോരും മറനീക്കി പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേത്രുത്വത്തിലായിരിയ്ക്കും പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ. കെ. ശര്‍മയെ പാര്‍ട്ടിയുടെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ചോദ്യമുയര്‍ത്തുകയാണ്
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ BJP കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പ്രതീക്ഷിച്ചതില്‍ ഏറെ ജനപിന്തുണ സമാജ് വാദി പാര്‍ട്ടി നേടുകയുണ്ടായി. ഈ അവസരം മുതലാക്കാനാണ് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ (Akhilesh Yadav) ശ്രമം.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സമാജ് വാദി പാര്‍ട്ടിയും ആരംഭിച്ചു കഴിഞ്ഞു. ശക്തമായ ജന പിന്തുണ തന്റെ പാര്‍ട്ടിയ്ക് ഉണ്ട് എന്ന ഉറപ്പിലാണ് അഖിലേഷ് യാദവ് മുന്നോട്ടു നീങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം സമ്മാനിയ്ക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. മുന്‍ രാഷ്ട്രീയ "ബന്ധങ്ങള്‍" തട്ടിത്തെറിപ്പിച്ചാണ് SP അദ്ധ്യക്ഷന്റെ മുന്നേറ്റം.
ഒരുകാലത്ത് ഒപ്പം ചേര്‍ത്തിരുന്ന മായാവതിയേയും കോൺഗ്രസിനേയും ഇന്ന് ആദ്ദേഹം തിരിച്ചറിയുന്നില്ല. മായാവതിയും കോൺഗ്രസും ദുർബല സഖ്യകക്ഷികളാണ് എന്നാണ് അഖിലേഷ് യാദവിന്റെ വാദം. 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 403 സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് നിയമസഭയില്‍ 300ല്‍ അധികം സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Bank Scam: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും BJP കനത്ത പരാജയം ഏറ്റു വാങ്ങുമെന്നും അഖിലേഷ് പറഞ്ഞു. ഈ ദുരിത സമയത്തും കോവിഡ് മരണങ്ങള് സംബന്ധിച്ച കാര്യങ്ങളില്‍ കള്ളങ്ങളാണ് യോഗി സര്‍ക്കാര്‍ പുറത്തുവിടുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ഒറ്റയ്ക്ക് മത്സരിക്കുമെന്ന അഖിലേഷിന്റെ തീരുമാനം സംസ്ഥാനത്ത് BJPയ്ക്ക് അനായാസ വിജയം നേടിക്കൊടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...