ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ (Mullaperiyar dam issue) സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രീംകോടതിയിൽ (Supreme court) വ്യക്തമാക്കി.
അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു.
നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയർത്തരുതെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
എന്നാൽ, മേൽനോട്ട സമിതി യോഗത്തിൽ കേരളം പ്രകടിപ്പിച്ച ആശങ്കകൾ സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ ഇല്ലെന്ന് കേരളം ആരോപിച്ചു. വിയോജന കുറിപ്പും മേൽനോട്ട സമിതി സുപ്രീംകോടതിക്ക് കൈമാറിയിട്ടില്ലെന്ന് കേരളം ആരോപിച്ചു. കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശപ്രകാരം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു.
യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് ഇന്ന് നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഇന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...