Maharashtra Political Crisis: നീരസത്തില്‍ കഴിയുന്ന ശിവസേന നേതാവും മന്ത്രിയുമായ ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച വൈകുന്നേരം മുതൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിട്ടില്ല എന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാരുമായി ദൂരം പാലിക്കുന്ന അദ്ദേഹം ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലാണ് എന്നാണ് സൂചന.
എന്നാല്‍, അദ്ദേഹത്തോടൊപ്പം 22 എം.എൽ.എമാര്‍ കൂടിയുണ്ട് എന്ന വാര്‍ത്ത മഹാരാഷ്ട്ര ഭരിക്കുന്ന മഹാ വികാസ് ആഘാഡി സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിയ്ക്കുകയാണ്. മാസങ്ങളായി ഷിൻഡെ സര്‍ക്കാരുമായി നീരസത്തിലാണ്. അവിചാരിതമായി ഷിൻഡെ നടത്തിയ ഈ നീക്കത്തിലൂടെ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നില പരുങ്ങലിലാവുകയാണ്.
ഏകനാഥ് ഷിൻഡെ സര്‍ക്കാര്‍ നേതൃത്വവുമായി സമ്പര്‍ക്കം അവസാനിപ്പിച്ചത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന എംഎൽഎമാരുടെ യോഗം വിളിച്ചിരിയ്ക്കുകയാണ്.
ശിവസേനയുടെ മുതിര്‍ന്ന നേതാവാണ് ഏകനാഥ് ഷിൻഡെ. തിങ്കളാഴ്ച നടന്ന MLC തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ 11 വോട്ടുകൾ നേടിയാണ് ബിജെപിയിലെ പ്രസാദ് ലാഡ് വിജയിച്ചത്. ഇതോടെ ഏകനാഥ് ഷിൻഡെയുടെ നീക്കങ്ങള്‍ വെളിച്ചത്തായിരുന്നു. പിന്നീടാണ് അദ്ദേഹം സര്‍ക്കാരിന്‍റെ സമ്പര്‍ക്കത്തില്‍ നിന്നും അപ്രത്യക്ഷനായത്.
ഇതുവരെ ശിവസേനയുടെ ഏറ്റവും ഉയർന്ന നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഏകനാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ വളരെ സ്വാധീനമുള്ളയാളായാണ് കണക്കാക്കപ്പെടുന്നത്. കുറച്ചുകാലമായി അദ്ദേഹം താക്കറെ കുടുംബവുമായി അനിഷ്ടത്തിലായിരുന്നു. ഈ വാർത്തകൾ പലതവണ പുറത്തുവന്നുവെങ്കിലും ഷിൻഡെ തന്നെ ഓരോ തവണയും അത് നിരസിച്ചിരുന്നു.
മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും ഉദ്ധവ് താക്കറെയുടെ അനാവശ്യ ഇടപെടലുകള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല എന്നും സൂചനകള്‍ ഉണ്ട്.
എന്തായാലും ഏറെ നാളത്തെ ശാന്തതയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ കോലാഹലം ആരംഭിച്ചിരിയ്ക്കുകയാണ്. ഏകനാഥ് ഷിൻഡെ ശിവസേന വിടുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട് എങ്കിലും സ്ഥിരീകരണമില്ല. എന്നാല്‍, ഷിൻഡെയ്ക്കൊപ്പം 22 MLAമാര്‍ കൂടി പാര്‍ട്ടി വിട്ടാല്‍ മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ നിലംപൊത്തും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...