ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോ൦ഗ് തടാകത്തിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായതിനെ ത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിലവിലെ സ്ഥിതി വിലയിരുത്തി.
അതിര്‍ത്തിയില്‍ വെടിവയ്പുണ്ടായതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായി വെടിവയ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സ്ഥിതി അതിസങ്കീര്ണമാകുകയാണ് എന്നാണ് വിലയിരുത്തല്‍.
മുന്‍പ് ഗാല്‍വന്‍ താഴ്വരയില് ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.
കഴിഞ്ഞ ജൂണ്‍ 15നാണ് 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഏറ്റുമുട്ടല്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വരയില് നടന്നത്.
അതേസമയം, അതിര്‍ത്തി വിഷയത്തില്‍ NSA അജിത് ഡോവല്‍ ഇടപെട്ടതോടെ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം, കിഴക്കൻ ലഡാക്കിൽ പ്രകോപനമുണ്ടാക്കിയത് ചൈനീസ് സൈന്യമാണെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
Also read: അതിർത്തിയിൽ വെടിവെപ്പ്: സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ
മേഖലയിൽ സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം പോയിട്ടില്ല, ഇന്ത്യ പ്രകോപനത്തിന് ശ്രമിച്ചു എന്ന ചൈനീസ് വാദം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യൻ സൈനിക വക്താവ് വ്യക്തമാക്കി.
ഇന്ത്യയുടെ മുൻനിര പോസ്റ്റുകളുടെ നേർക്കെത്തിയ ചൈനീസ് സൈന്യമാണ് ആകാശത്തേക്ക് നിറയൊഴിച്ചത്. പ്രകോപനമുണ്ടാക്കിയെങ്കിലും ഇന്ത്യൻ സൈനികർ സമചിത്തതയോടെ പ്രശ്നത്തെ നേരിട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം തന്നെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.