ന്യൂഡല്‍ഹി: അടുത്തിടെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നും അതിര്‍ത്തിയിലെ വിഷയങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
ലഡാക്കില്‍ രാജ്യത്തിന്‍റെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. ചൈന ഇതുവരെയും ആത്മാര്‍ത്ഥമായി ചര്‍ച്ചകള്‍ക്ക് മുന്‍പോട്ടു വരികയോ സമാധാന നടപടികളുടെ ഭാഗമാകാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ചൈനയുടെ ഭാഗത്തുനിന്നും നിരന്തരമായി പ്രകോപനങ്ങള്‍ ഉണ്ടാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കണമെങ്കില്‍ ആത്മാര്‍ത്ഥമായി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ധാരണകള്‍ പാലിക്കാന്‍ ഇരുകൂട്ടരും ഒരുപോലെ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ ഗേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഷാന്‍ ഹായ് സഹകരണ സംഘന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്കോയില്‍ എത്തിയതാണ് ഇരു നേതാക്കളും. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജോയിന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നയതന്ത്ര സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Also read: ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച ചര്‍ച്ച; സമയം ചോദിച്ച് ചൈന
അതേസമയം ചുഷൂല്‍ മലനിരകളിലെ കടന്നുകയറ്റം പരാജയപ്പെട്ടതിനാല്‍ ചൈന മറ്റു മേഖലകളില്‍ സമാന നീക്കം നടത്താനുളള സാധ്യത കണക്കിലെടുത്ത് അരുണാചല്‍ അതിര്‍ത്തി, ദൗലത് ബേഗ് ഓള്‍ഡി, പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗര്‍-2 ഫിംഗര്‍-3 മേഖലകളിലും ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പട്രോളിംഗും ശക്തമാക്കി. ഓഗസ്റ്റ് 29,30 തിയതികളില്‍ രാത്രിയിലാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് കയറിയ ചൈനീസ് പട്ടാളത്തെ സേന തുരത്തിയത്. എല്ലാ സൈനിക പോസ്റ്റുകളും ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്ന് അവലോകന യോഗത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ റിപ്പോര്‍ട്ട് നല്കി.
Also read: ലഡാക്കില്‍ വീണ്ടും സംഘര്‍ഷം; സേനകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ചുഷൂലില്‍ ബ്രിഗേഡിയര്‍തല ചര്‍ച്ച കഴിഞ്ഞ ദിവസവും തുടര്‍ന്നു. ക്യാമ്പിലെ പതിവ് വേദികള്‍ക്ക് പകരം തുറന്ന സ്ഥലത്താണ് ഇന്നലെ യോഗം നടന്നത്. നിയന്ത്രണ രേഖ ലംഘിച്ചത് ചൈന അംഗീകരിക്കാത്തതിനാല്‍ യോഗത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല.