ന്യുഡൽഹി: വിരട്ടലൊന്നും നടക്കില്ല എന്ന് മനസിലാക്കിയപ്പോൾ അടുത്ത നമ്പരുമായി എത്തിയിരിക്കുകയാണ് ചൈന (China). ശക്തരായ പ്രതിയോഗിയെ മാനസികമായി തളർത്താൻ സൈക്കോളജിക്കൽ മൂവുമായിട്ടാണ് ചൈന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അതിനായി ലഡാക്കിലെ അതിർത്തിയിൽ ഉച്ചഭാഷിണിവഴി തകർപ്പൻ പഞ്ചാബി പാട്ടുകൾ അടിച്ചുമുഴക്കുകയാണ് ചൈന. ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ചൈനയുടെ സൈക്കോളജിക്കൽ മൂവാണിത്. നമുക്ക് അർഹമായ സ്ഥലം പിടിച്ചെടുക്കാൻ വരുന്ന ചൈനീസ് പട്ടാളത്തോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് ഇന്ത്യൻ സൈന്യം മുന്നേറുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉച്ചഭാഷിണി (Loudspeaker) സ്ഥാപിച്ച സ്ഥലങ്ങളിൽ ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. സൈനികരുടെ ശ്രദ്ധ മാറ്റാനുള്ള ചൈനയുടെ അട്ടിമറി ശ്രമമാണ് ഇതാണെന്നാണ് സംശയം. ഇവിടെയാണ് സെപ്റ്റംബർ 8 ന് ഇരു സേനയും തമ്മിൽ ആകാശത്തേക്ക് 100 റൌണ്ട് വെടിയുതിർത്തത്. ആഗസ്റ്റ് 29 നും 30 നും പിന്നെ സെപ്റ്റംബർ 7 നും ചൈന പാങ്ഗൊഗ് തടാകത്തിന്റെ ഭാഗത്ത് (Pangong area) കടന്നുകയാറാൻ ശ്രമിച്ചതാണ് സംഭവത്തിന് ആധാരം.
തുടർന്ന് റഷ്യയിൽ നടന്ന ഷാങ്ഹായി സമ്മേളനത്തിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് തീരുമാനമായിയെങ്കിലും എന്ന് ചർച്ച നടത്താമെന്ന് ചൈന ഇതുവരെ അറിയിച്ചിട്ടില്ല.
Also read: സെപ്റ്റംബർ 25 മുതൽ മറ്റൊരു കർശന lock down, സത്യമോ അതോ കിംവദന്തിയോ?
ഉച്ചഭാഷിണിവഴി പഞ്ചാബി ഗാനങ്ങൾക്കൊപ്പം (Punjabi songs) ഹിന്ദിയിൽ പ്രകോപനപരമായ ചില പ്രസ്താവനകളും ചൈന നടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ സംഘർഷം ഒഴിവാക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭഗമായാണോ ഈ നടപടിയെന്നും സൂചനയുണ്ട്. എന്തായാലും ഏപ്രിലിൽ തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്ത് നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ നമുക്കിനിയും കത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.