കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവം പുറത്തുവന്നതോടെ യുവതി കൊല്ലപ്പെട്ടതാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
അതേസമയം, കൊലയാളിയെ തിരിച്ചറിഞ്ഞതായും ആശുപത്രിയിൽ തന്നെയുള്ളയാളാണ് കൃത്യം ചെയ്തതെന്നും പോലീസ് പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികളെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
Also Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ
മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ ജീവനക്കാരാണ് ജിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേന്ന് ഒരേ സെല്ലിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയുമായി ജിയ അടിപിടികൂടിയിരുന്നു. ഇതിൽ കൊൽക്കത്ത സ്വദേശിനിയ്ക്കും പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താമത്തെ സെല്ലിലാക്കിയിരുന്നു.
ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയ റാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പോലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയിൽ വച്ച് തലശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായപ്പോൾ അയാൾ ഉപേക്ഷിച്ചുപോയെന്നും അയാളെ തിരഞ്ഞാണ് താൻ ഇവിടെയെത്തിയതെന്നും ജിയ പോലീസിന് മൊഴി നൽകിയിരുന്നു. മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജിയയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...