കൊച്ചി: റഷ്യ- യുക്രൈൻ സംഘർഷം തുടരുന്നതും അസംസ്കൃത എണ്ണ വില കുതിച്ചുയരുന്നതും കാരണം സ്വർണവിലയിൽ വൻ വർദ്ധന. കേരളത്തിൽ ശനിയാഴ്ച സ്വർണ്ണവില 39,000ത്തിനടുത്തെത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച ഇത് 40,000 കടന്ന് മുന്നേറിയിരുന്നു.
യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശം തന്നെയാണ് സ്വർണ്ണ വില ഇങ്ങനെ ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിൻ്റെ വില 2,056 ഡോളറിലേക്ക് കടന്നതോടെയാണ് സ്വർണ്ണവിലയിൽ കുതിച്ചുചാട്ടം ഉണ്ടായത്.
റഷ്യയുടെ അസംസ്കൃത എണ്ണയ്ക്ക് യുഎസ്സും യുകെയും വിലക്കേർപ്പെടുത്തിയതും എണ്ണവില റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയതും ആഗോള വിപണിയിൽ സ്വർണ്ണവില കൂടാൻ കാരണമായിട്ടുണ്ട്. എണ്ണ വില ഉയരുന്നത് ലോകമെങ്ങും വിലക്കയറ്റത്തിനു കാരണമാകുന്നുവെന്ന ആശങ്കയും ശക്തമാണ്. ധാന്യങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയുമൊക്കെ വില വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വീണ്ടും ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിദേശനാണ്യ വിപണിയിൽ ഡോളർ ശക്തിപ്രാപിക്കുകയും രൂപ ദുർബലമാകുകയും ചെയ്തത് സ്വർണത്തിന് കൂടുതൽ തിരിച്ചടിയായി. ഇറക്കുമതി ചെലവ് കുറയുക കൂടി ചെയ്തതോടെ വില വർധനയുടെ തോത് ഉയർന്നു. അതേസമയം, വെള്ളിയാഭരണങ്ങളുടെ വിലയിലും നേരിയ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ച കൊണ്ട് അഞ്ച് രൂപയിലേറെ വിലയിൽ വർദ്ധനയുണ്ടായി. വെള്ളിക്ക് പുറമേ പ്ലാറ്റിനത്തിനും വില കൂടുന്നുണ്ട്.
ശനിയാഴ്ചത്തെ സ്വർണ്ണവില ഒരു പവന് 38,560 ആണെങ്കിലും വീണ്ടും 40000 കടക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2020 ജൂലായിൽ 35,800 രൂപയിൽ നിന്ന് 40,000 രൂപയിലേക്ക് കുതിച്ചുയർന്ന വിലതൊട്ടടുത്ത മാസം 42,000 രൂപയിലേക്കെത്തിയിരുന്നു. പിന്നീടാണ് വീണ്ടും 32,000-35,500 രൂപയിലേക്ക് വില കുറഞ്ഞത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.