India First Hydrogen Express: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ എക്‌സ്പ്രസ് തീവണ്ടി; റൂട്ടിന്റെ കാര്യത്തില്‍ തീരുമാനമായി

India First Hydrogen Express  From Mumbai to Pune: ഇന്ധനം  തീവണ്ടി മടങ്ങിയെത്തിയശേഷം  നിറച്ചാല്‍ മതിയാകുമെന്നുള്ളതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്ന്

Written by - Zee Malayalam News Desk | Last Updated : May 5, 2023, 11:16 AM IST
  • ഹൈഡ്രജന്‍ ട്രെയിന്‍ ഓടുന്നതിലൂടെ ഒരുവര്‍ഷം ഇന്ധനയിനത്തില്‍ 2.3 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
  • ആറുമാസത്തിനകം ഹരിയാണയിലെ സോണിപത്ത്-ജിന്ദ് റൂട്ടില്‍ ഹൈഡ്രജന്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പരീക്ഷണയോട്ടം നടക്കും.
  • ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ ദീര്‍ഘദൂര വണ്ടികള്‍ക്കുവേണ്ടി തത്കാലം ഇത് പരീക്ഷിക്കാന്‍ സാധിക്കില്ല.
India First Hydrogen Express: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ എക്‌സ്പ്രസ് തീവണ്ടി; റൂട്ടിന്റെ കാര്യത്തില്‍ തീരുമാനമായി

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ എക്‌സ്പ്രസ് തീവണ്ടി മുംബൈ-പുണെ റൂട്ടിലോടിക്കാന്‍ ആലോചന. ഈ പദ്ധതിക്കായുള്ള സാധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് മധ്യറെയില്‍വേക്ക് നിര്‍ദേശം നല്‍കി. ആറുമാസത്തിനകം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡീസലിനന്റെ സഹായത്താല്‍ ഓടുന്ന ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനിനെ രൂപമാറ്റം വരുത്തി ഡീസലിന് പകരം ഹൈഡ്രജന്‍ നിറച്ച് ഓടിക്കാനാണ് ഒരുങ്ങുന്നത്. ഹൈഡ്രജന്‍ ട്രെയിനുകള്‍ എത്തുന്നതോടെ ഇന്ധനത്തിന്റെ ഉപയോഗത്തില്‍ വലിയ രീതിയില്‍ കുറവുണ്ടാകും. ഇത് ആയിനത്തില്‍ റെയില്‍വേയ്ക്ക് വലിയ ലാഭമാണ് ഉണ്ടാക്കുക. ഒരു ഡെമു ട്രെയിനിനുപകരം ഹൈഡ്രജന്‍ ട്രെയിന്‍ ഓടുന്നതിലൂടെ ഒരുവര്‍ഷം ഇന്ധനയിനത്തില്‍ 2.3 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

മേധാ സെര്‍വോ ഡ്രൈവ്സെന്ന കമ്പനിയാണ് ഇന്ത്യന്‍ റെയില്‍വേക്കുവേണ്ടി ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മിക്കുന്നത്. ഈ കമ്പനിയുടെ ആസ്ഥാനം ഹൈദരാബാദ് ആണ്. ജര്‍മ്മനിയില്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയാണ് സ്വയം വികസിപ്പിച്ച് പരീക്ഷിക്കുന്നത്. ആറുമാസത്തിനകം ഹരിയാണയിലെ സോണിപത്ത്-ജിന്ദ് റൂട്ടില്‍ ഹൈഡ്രജന്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പരീക്ഷണയോട്ടം നടക്കും. മുംബൈ-പുണെ റൂട്ടിലെ പരീക്ഷണയോട്ടം ഇതിനുശേശമായിരിക്കും. 2025ഓടെ മുംബൈ-പുണെ റൂട്ടില്‍ രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മധ്യ റെയില്‍വേ പറയുന്നു. ഇതിനുപുറമേ സിംല, മഹാരാഷ്ട്രയിലെ മാത്തേരാന്‍ തുടങ്ങിയ ഹില്‍സ്റ്റേഷനുകളിലെ നാരോ ഗേജ് ലൈനിലും ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കും.

ALSO READ: ഇനി മുതല്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡ് വേണ്ട പാസ്‌കീ മതി; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

മുംബൈ-പുണെ റൂട്ട് തിരഞ്ഞെടുക്കാനുള്ള കാരണം 

1000 കിലോമീറ്ററാണ് നിലവില്‍ ഹൈഡ്രജന്‍ തീവണ്ടികള്‍ സഞ്ചരിക്കുന്ന പരമാവധി ദൂരം. ടാങ്കില്‍ 15 ശതമാനമെങ്കിലും ഇന്ധനം ബാക്കിയുണ്ടാവണമെന്നകണക്ക് നോക്കുമ്പോള്‍ ഇതിന്റെ ദൂരം 800 കിലോമീറ്ററാക്കി കുറയ്്ക്കണം. ഏകദേശം 400 കിലോമീറ്ററാണ് മുംബൈയില്‍നിന്ന് പുണെയില്‍പ്പോയി തിരിച്ചെത്താനുള്ള ദൈര്‍ഘ്യം. ഇന്ധനം  തീവണ്ടി മടങ്ങിയെത്തിയശേഷം  നിറച്ചാല്‍ മതിയാകുമെന്നുള്ളതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. മുംബൈയാണ് റെയില്‍വേയുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടെ  ഹൈഡ്രജന്‍ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്നതും മുംബൈ-പുണെ റൂട്ട് തിരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. മാത്രമല്ല ദിവസവും ആറുതീവണ്ടികള്‍ ഓടുന്ന തിരക്കുള്ള റൂട്ടാണ് മുംബൈ-പുണെ റൂട്ട് എന്നതാണ് മറ്റൊരു കാരണം.  ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ ദീര്‍ഘദൂര വണ്ടികള്‍ക്കുവേണ്ടി തത്കാലം ഇത് പരീക്ഷിക്കാന്‍ സാധിക്കില്ല.

മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഡെമു ട്രെയിനുകളുടെ പരമാവധിവേഗം. ഹൈഡ്രജന്‍ ട്രെയിനുകളുടെ വേഗവും ഇതിനെക്കാള്‍ കൂടില്ല. അതിസുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇരട്ടപാളികളുള്ള ടാങ്കുകളിലാകും ഹൈഡ്രജന്‍ നിറയ്ക്കുക. രാജ്യത്ത് വികസിപ്പിച്ച വന്ദേഭാരത് റേക്കുകളില്‍ (വണ്ടികള്‍) ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഹൈഡ്രജന്‍ ട്രെയിനുകളാക്കി മാറ്റാനുള്ള ആലോചനയുമുണ്ട്. പൊതുജനാരോഗ്യം കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് മുൻ‌തൂക്കം നൽകി രാജ്യത്ത് മലിനീകരണം ഉണ്ടാക്കുന്ന ഡീസൽ ട്രെയിനുകൾക്കു പകരമാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കുന്നത്. യു എന്നിന്റെ റേസ് ടു സീറോ പദ്ധതിയുടെ ഭാഗമായി 2050 ഓടെ കാർബൺ രഹിത സംവിധാനത്തിൽ എത്തുകയാണ് ലോകരാജ്യങ്ങളുടെ ലക്ഷ്യം.ലോകത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിച്ചത് ജർമനിയാണ്. കൊറാഡിയ ഐലൻഡ് എന്നാണ് അതിന്റെ പേര്. ഇന്ത്യയിൽ 37 ശതമാനം ട്രെയിനുകൾ ഡീസലിൽ പ്രവർത്തിക്കുന്നവയാണ്. ഗതാഗത സംവിധാനങ്ങൾ വഴിയാണ് രാജ്യത്തെ ഹരിതഗൃഹ വാതക പ്രസരണത്തിന്റെ 12 ശതമാനവും സംഭവിക്കുന്നത്. അതിൽ ഈ ഡീസൽ ട്രെയിനുകൾ ആണ് പ്രധാന പങ്കും സഹിക്കുന്നത്. "നെറ്റ് സീറോ കാർബൺ എമിഷൻ ലെവൽ " 2030 ഓടെ കൈവരിക്കാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഹൈഡ്രജൻ ട്രെയിനുകൾ വലിയൊരു മുതൽകൂട്ടാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News