ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് ഏകദേശം കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ കപ്പ് എന്ന മോഹവും പ്രതീക്ഷയും അൽപം മങ്ങിയിരിക്കുകയാണ് മഞ്ഞപ്പട ആരാധകരിൽ. കഴിഞ്ഞ രണ്ട് മത്സരത്തിലെ തോൽവിയും പ്രതിരോധ താരങ്ങൾക്കേറ്റ പരിക്കും ബെഞ്ചുലുള്ളവരുടെ ഫോം ഇല്ലാഴ്മയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ആശങ്ക ഉള്ളവാക്കിയിരിക്കുന്നത്. വിൻഡർ ട്രാൻസ്ഫർ വിൻഡോയിൽ മറ്റ് ടീമുകൾ താരങ്ങളെ ലോണിലൂടെയെങ്കിലും സ്വന്തമാക്കുമ്പോൾ ബ്ലാസ്റ്റേഴ്സിൽ മാത്രം ഒരു അപ്ഡേറ്റുമുണ്ടാകുന്നില്ല. അപ്ഡേറ്റ് പോയിട്ട് ഒരു റൂമർ പോലുമില്ല എന്നാണ് അവസ്ഥ. അതും തുടരുമെന്ന സൂചനയാണ് കോച്ച് ഇവാൻ വുകമാനോവിച്ചും നൽകുന്നത്.
നിലവിലെ ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ മികച്ച താരങ്ങളിൽ പകുതിയോളം പേരും അതാത് ടീമുകളുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയായണ്. അവരെ അവർ വിട്ട് നൽകുകയുമില്ല. ബാക്കിയുള്ളവരെ സ്വന്തമാക്കണമെങ്കിൽ ഉള്ള താരങ്ങളെ കൈമാറ്റം ചെയ്തു കൊണ്ട് ബ്ലാസ്റ്റേഴ്സിൽ എത്തിക്കണം. നിലവിൽ ടീമുമായി നല്ല രീതിയിൽ ഇഴകി ചേർന്ന താരങ്ങളെ കൈമാറുമ്പോൾ ടീമിനെ തന്നെ ബാധിക്കും. കുടാതെ ലീഗിന് ഇനി ഒരു മാസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പുതുതായി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരങ്ങൾക്ക് ടീമുമായി ചേർന്ന് പോകാൻ സമയം വേണം. അതും ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കാം. അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തന്നെ സ്വന്തം താരങ്ങൾക്ക് കൂടുതൽ അവസരം നൽകി ഉപയോഗിക്കാൻ തീരുമാനിച്ചത്. പ്രത്യേകിച്ച് വിബിൻ, നിഹാൽ തുടങ്ങിയ യുവതാരങ്ങൾക്ക് കുടുതൽ അവസരം നൽകും. എന്നാൽ മാർക്കറ്റിൽ നിന്നും നല്ല താരങ്ങളെ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ച് നാളെ നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വാസമായി പ്രതിരോധം താരം മാർക്കോ ലെസ്കോവിച്ച് പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്നു. താരം പ്രത്യേക പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു. പരിക്കേറ്റ സന്ദീപിന് പകരം ആരെ കണ്ടെത്തുമെന്നാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്ന വെല്ലുവിളി. റൈറ്റ് ബാക്ക് താരം ഹർമൻജോട്ട് ഖബ്ര വേണ്ടത്രരീതിയിൽ ഫോമിലെത്താതും ബ്ലാസ്റ്റേഴ്സിന് വലയ്ക്കുന്നുണ്ട്. പരിക്കേറ്റ സന്ദീപിന് പകരം റിസർവ് ടീം താരം തേജസ് കൃഷ്ണയെ സ്ക്വാഡിൽ ഉൾപ്പെടുത്തി.
നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അടുത്ത മത്സരം. കൊച്ചിയിൽ സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മുംബൈയ്ക്കെതിരെയും എഫ് സി ഗോവയ്ക്കെതിരെയും തുടർ എവെ മത്സരത്തിൽ തുടർന്ന് തോൽവികൾ നേരിട്ടാണ് ജയത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുന്നത്. വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...