ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിൻറ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരൂ. എഴാം സ്ഥാനക്കാരായ കൊൽക്കത്തയ്ക്ക് നില മെച്ചപ്പെടുത്താൻ വിജയം അനിവാര്യമാണ്. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
കളിച്ച 5 മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹിയ്ക്ക് നാണക്കേട് ഒഴിവാക്കാൻ ഇന്ന് വിജയിക്കണം. 2013ന് ശേഷം ഇതാദ്യമായാണ് ആദ്യത്തെ അഞ്ച് മത്സരങ്ങളിലും ഡൽഹി പരാജയപ്പെടുന്നത്. ബാറ്റിംഗിലെ മെല്ലെപ്പോക്കിൻറെ പേരിൽ നായകൻ ഡേവിഡ് വാർണറും വിമർശനങ്ങൾക്ക് ഇരയായി കഴിഞ്ഞു. പൃഥ്വി ഷാ, മിച്ചൽ മാർഷ് എന്നിവർ ഫോമിലേയ്ക്ക് ഉയർന്നില്ലെങ്കിൽ ഇന്നത്തെ മത്സരത്തിലും വാർണറെയും സംഘത്തെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.
ALSO READ: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ബെംഗളൂരു പോര്; കോഹ്ലിയും ധവാനും നേർക്കുനേർ
മറുഭാഗത്ത്, അവസാന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തോടെ വിജയവഴിയിൽ തിരികെ എത്തിയേ തീരൂ. റിങ്കു സിംഗിൻറെ തകർപ്പൻ പ്രകടനവും വെങ്കടേഷ് അയ്യരുടെ സെഞ്ച്വറിയുമാണ് ഈ സീസണിൽ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ വക നൽകുന്നത്. 2008ൽ ബ്രെണ്ടൻ മക്കല്ലം നേടിയ സെഞ്ച്വറിക്ക് ശേഷം ഈ സീസണിലാണ് ഒരു കൊൽക്കത്ത താരം മൂന്നക്കം കടക്കുന്നത്. ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവർക്ക് പ്രതിഭയ്ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാൻ കഴിയാത്തതാണ് കൊൽക്കത്തയ്ക്ക് തലവേദനയാകുന്നത്.
സാധ്യതാ ടീം
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ (C), പൃഥ്വി ഷാ, മിച്ചൽ മാർഷ്, യാഷ് ദുൽ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, ലളിത് യാദവ്, അഭിഷേക് പോറെൽ (WK), കുൽദീപ് യാദവ്, ആൻറിച്ച് നോർച്ചെ, മുസ്താഫിസുർ റഹ്മാൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ജേസൺ റോയ്/റഹ്മാനുള്ള ഗുർബാസ്, എൻ ജഗദീശൻ (WK), വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (C), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...