ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്താണ് ചെന്നൈ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയ്ക്ക് 20 ഓവറില്‍ 149 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
നായകന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ഡല്‍ഹിയുടെ റണ്‍ ചേസിലെ ഹൈലൈറ്റ്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ പൃഥ്വി ഷായ്ക്ക് ഒരു ഇംപാക്ടും ഉണ്ടാക്കാനായില്ല. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ 5 റണ്‍സുമായി പൃഥ്വി ഷാ മടങ്ങി. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്മായിരുന്നു. അവസാന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച റിലീ റൂസോ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങിയതോടെ ഡല്‍ഹി അപകടം മണത്തു.
ALSO READ: തകര്‍ത്തടിച്ച് ഗെയ്ക്വാദും കോണ്‍വെയും; ഡല്‍ഹിയ്ക്ക് എതിരെ ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെറും മൂന്ന് പേരാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ വാര്‍ണര്‍ പുറത്തായപ്പോഴേയ്ക്കും ഡല്‍ഹി പരാജയം ഉറപ്പിച്ചിരുന്നു. 58 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 7 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി.
ചെന്നൈയ്ക്ക് വേണ്ടി 4 ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചഹര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, മതീഷ് പതിരണ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ജയത്തോടെ 17 പോയിന്റുമായി ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു. ചെന്നൈ ക്വാളിഫയറിലാണോ എലിമിനേറ്ററിലാണോ എന്നത് ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. കൊല്‍ക്കത്തയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ ലക്‌നൗവിന് രണ്ടാം സ്ഥാനത്ത് എത്താം. 18 പോയിന്റുകളുമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...