India Women Vs Ireland ODI: ആ റെക്കോര്‍ഡ് പഴങ്കഥയാക്കി സ്മൃതി മന്ദാനയും പ്രതികയും! 70 പന്തില്‍ സെഞ്ചുറി, വേറേയും റെക്കോര്‍ഡ്

Smriti Mandhana and Pratika Rawal: ഏറ്റവും വേഗത്തിലുള്ള ഇന്ത്യൻ സെഞ്ചുറി എന്ന റെക്കോർഡ് ആണ് സ്മൃതി സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് പ്രതികയും സ്വന്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 03:45 PM IST
  • ഒന്നാം വിക്കറ്റിൽ 233 റൺസിന്റെ പാർട്ണർഷിപ്പ് ആണ് സ്മൃതിയും പ്രതികയും ചേർന്ന് പടുത്തുയർത്തത്
  • പ്രതിക റാവലിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് രാജ്കോട്ടിൽ കുറിച്ചത്
  • സ്മൃതി മന്ദാനയുടെ പത്താം സെഞ്ചുറിയായിരുന്നു ഇന്ന് കണ്ടത്
India Women Vs Ireland ODI: ആ റെക്കോര്‍ഡ് പഴങ്കഥയാക്കി സ്മൃതി മന്ദാനയും പ്രതികയും! 70 പന്തില്‍ സെഞ്ചുറി, വേറേയും റെക്കോര്‍ഡ്

രാജ്‌കോട്ട്: വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന. അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ആണ് സ്മൃതിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. 70 പന്തില്‍ ആണ് സ്മൃതി തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡ് ഇനി സ്മൃതിയ്ക്ക് മാത്രം സ്വന്തം. ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ താരം ഏന്ന റെക്കോർഡ് പ്രതിക റാവലും സ്വന്തമാക്കി. പ്രതികയുടെ ആദ്യ സെഞ്ചുറി പ്രകടനം കൂടിയായിരുന്നു രാജ്കോട്ടിൽ കണ്ടത്. ഇന്ത്യൻ വനിതകളുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറും രാജ്കോട്ടിൽ പിറന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 435 റൺസ് ആണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിയ്ക്കക്കെതിരെ 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ പേരില്‍ ആയിരുന്നു അതിവേഗ സെഞ്ചുറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. അയര്‍ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ആണ് സ്മൃതി ഈ റെക്കോര്‍ഡ് മറികടന്നത്. സ്മൃതിയുടെ പത്താമത്തെ ഏകദിന സെഞ്ചുറി കൂടിയാണിത്. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ ക്രിക്കറ്റ് താരങ്ങളില്‍ മൂന്നാം സ്ഥാനവും ഇതോടെ സ്മൃതിയുടെ പേരിലായി. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമൗണ്ടിനൊപ്പമാണ് സ്മൃതി എത്തിയിരിക്കുന്നത്. 15 സെഞ്ചുറികള്‍ നേടിയ മെഗ് ലാനിനും 13 സെഞ്ചുറികള്‍ നേടിയ സൂസീ ബേറ്റ്‌സും മാത്രമാണ് ഇനി സ്മൃതിയ്ക്ക് മുന്നിലുള്ളത്.

80 പന്തില്‍ 135 റണ്‍സ് എടുത്ത സ്മൃതി 27 -ാം ഓവറില്‍ ആണ് പുറത്തായത്. പ്രിന്‍ഡര്‍ഗസ്റ്റിന്റെ പന്തില്‍ കാനിങ്ങിന്റെ കൈയ്യില്‍ കുടുങ്ങിയായിരുന്നു പുറത്താവല്‍. 12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സ്മൃതി മന്ദാനയുടെ ഇന്നിങ്‌സ്. 96 ഏകദിന മത്സരങ്ങളില്‍ നിന്നായി നാലായിരത്തിലധികം റണ്‍സും സ്മൃതി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 30 അര്‍ദ്ധ സെഞ്ചുറികള്‍ അടക്കമാണിത്. ഏഴ് ടെസ്റ്റ് മാച്ചുകളില്‍ 12 ഇന്നിങ്‌സുകളിലായി രണ്ട് സെഞ്ച്വുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും സ്മൃതി സ്വന്തമാക്കിയിട്ടുണ്ട്. 

സ്മൃതിയ്‌ക്കൊപ്പം ഓപ്പണര്‍ ആയി ഇറങ്ങിയ പ്രതിക റാവലും സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതികയുടെ ആദ്യ സെഞ്ചുറി പ്രകടനത്തിനാണ് രാജ്‌കോട്ട് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിത ബാറ്റര്‍ എന്ന റെക്കോര്‍ഡിലേക്ക് പ്രതിക റാവല്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. 188 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഒന്നാം സ്ഥാനത്തുള്ളത്. 129 പന്തിൽ 154 റൺസ് എടുത്താണ് പ്രതിക റാവൽ പുറത്തായത്. 

പ്രതികയുടേയും സ്മൃതിയുടേയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍, ഇന്ത്യ അയര്‍ലണ്ടിനെതിരെ മികച്ച സ്‌കോറാണ് നേടിയത്. റിച്ച ഘോഷ് 42 പന്തില്‍ 59 റണ്‍സ് എടുത്ത് പുറത്തായി. അയർലണ്ടിനെതിരെ നേടിയ 370 റൺസ് ആയിരുന്നു നേരത്തെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ. അതാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.  പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് തന്നെ ആയിരുന്നു വിജയം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News