ദുബായ്: വിവിധ രാജ്യങ്ങളിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന മങ്കി പോക്സിനെതിരെ ശക്തമായ പ്രതിരോധവുമായി യുഎഇ ഗവണ്‍മെന്‍റ്. അബുദാബി പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളുമായെത്തിയിരിക്കുന്നത്. അബുദാബിയിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളോടും മങ്കി പോക്സിനെതിരെ ജാഗ്രത പുലർത്താൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരോട് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ പറയുന്നു. യുഎഇയിൽ രോഗനിർണ്ണയം നടത്തുന്നതിനും രോഗം പടരുന്നത് പരിമിതപ്പെടുത്തുന്നതിനുമായി മഹാമാരി നിയന്ത്രണത്തിനായുള്ള ഉപദേശകസമിതി മാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റിൻ എന്നീ ഗൾഫ് രാജ്യങ്ങളിലും കുരങ്ങ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് അതാത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി.
Read Also: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങിപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം ചേർന്നിരുന്നു. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങ് പനി യൂറോപ്പ്, അമേരിക്ക തുടങ്ങി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള ആരോഗ്യ ഏജൻസികൾ ആശങ്കയിലാണ്. കുരങ്ങ് പനിയുടെ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും സൗദി ആരോഗ്യ മന്ത്രാലയവും പറഞ്ഞു.
വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നുമാണ് കുരങ്ങ് പനി പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ. ചിക്കൻ പോക്സിലുണ്ടാകുന്നത് പോലുള്ള ചെറിയ കുമിളകൾ മുഖത്തും ശരീരത്തും പ്രത്യക്ഷപ്പെടും. കുരങ്ങ് പനി ബാധിച്ചുള്ള മരണം കുറവാണെന്നതാണ് ആശ്വാസകരമായ വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...