തിരുവനന്തപുരം: സിനിമയിലെ അതിശയിപ്പിക്കുന്ന പ്രതിഭയെ പരിചയെപ്പെടുത്തിയിരിക്കുകയാണ് മാല പാർവ്വതി. ഫോക്കസ് പുള്ളർ ദീപക് കല്ലിംഗലിനെ പറ്റിയാണ് പോസ്റ്റ്. ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്ക് വെച്ചത്. ഇദ്ദേഹം ക്യാമറക്കരികിലുണ്ടെങ്കിൽ, ഫോക്കസ് പോയതിൻ്റെ പേരിൽ, ഷോട്ട് കട്ടാകില്ല. ഇത് എന്ത് ജാലവിദ്യ എന്ന് നമുക്ക് തോന്നി പോകും എന്നും സിനിമാ ജീവിതത്തിൽ താൻ കണ്ട അത്ഭുത മനുഷ്യരിൽ ഒരാളാണ് ദീപക് എന്നും മാല പാർവ്വതി പോസ്റ്റിൽ പറയുന്നു.
പോസ്റ്റിങ്ങനെ
സിനിമയിലെ അണിയറയിൽ, എപ്പോൾ കാണുമ്പോഴും അതിശയിപ്പിക്കുന്ന ഒരു പ്രതിഭയെ നിങ്ങൾക്കും കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി. അതിനാണീ കുറിപ്പ് . പേര് ദീപക്.T. കല്ലിംഗൽ. Focus Puller ആണ്.ഇദ്ദേഹം ക്യാമറക്കരികിലുണ്ടെങ്കിൽ, ഫോക്കസ് പോയതിൻ്റെ പേരിൽ, ഷോട്ട് കട്ടാകില്ല. ഇത് എന്ത് ജാലവിദ്യ എന്ന് നമുക്ക് തോന്നി പോകും!
സാധാരണ ഗതിയിൽ, ഫോക്കസിന് വേണ്ടി എൻട്രി കൊടുക്കണം, ക്യാമറക്ക് വേണ്ടി റിഹേഷ്സൽ പിന്നെ "Take." എല്ലാ റിഹേഴ്സലുകൾക്ക് ശേഷവും Focus ഉണ്ടോ എന്ന് ചെക്ക് ചെയ്യും, ഫോക്കസിന് വേണ്ടി റീടേക്ക് ഉണ്ടാവും, അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഗിംബല്ലിൽ ക്യാമറ ആയിരിക്കുമ്പോഴും, ഓവർ ബോർഡിൽ കയറി,ആക്ഷൻ സീക്വൻസിൽ ,ആക്ടേഴ്സിൻ്റെ പിന്നിൽ പായുന്ന ക്യാമറമാൻ്റെ കൂടെ നിന്ന് ഫോക്കസ് കൃത്യമായി പിടിക്കുന്ന ദീപക്.. എൻ്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ട അത്ഭുത മനുഷ്യരിൽ ഒരാളാണ്! അസാമാന്യ പ്രതിഭ
സാധാരണ ഗതിയിൽ ആക്ടേഴ്സ് മൂവ് ചെയ്യേണ്ട വഴിയും നിൽക്കേണ്ട മാർക്കും മുൻകൂട്ടി പറയും. അത് പാലിക്കണം. ചില സമയത്തെങ്കിലും, അത് അഭിനേതാക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാറുണ്ട്. എന്നാൽ ആക്ടേഴ്സിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് കൊണ്ട് ദീപക് ക്യാമറക്കരികിൽ, ഫോക്കസ് പിടിക്കാൻ നിൽക്കുമ്പോൾ, അദ്ദേഹം നൽകുന്ന ഒരു ധൈര്യമുണ്ട്. "സ്വാതന്ത്ര്യത്തോടെ അഭിനയിച്ചോളു. ഫോക്കസ് ഞാൻ പിടിച്ചോളാമെന്ന് " .
Focus Pullers - ന് അവാർഡ് ഉണ്ടോ എന്ന് എനിക്കറിയില്ല.
പക്ഷേ Deepak - നെ പോലുള്ളവരോടൊപ്പം വർക്ക് ചെയ്യുമ്പോൾ സംവിധായകനും, DOP യും,ആക്ടേഴ്സും മനസ്സ് കൊണ്ട് ഇദ്ദേഹത്തിന് നൂറ് തവണ അവാർഡ് നൽകിയിട്ടുണ്ടാകും.
" ഉയരെ " എന്ന ചിത്രത്തിൻ്റെ നൂറാം ദിവസം ആഘോഷിച്ച ചടങ്ങിൽ, പാർവ്വതി തിരുവോത്ത് PARVATHY THIRUVOTHU Fans ഇദ്ദേഹത്തെ കുറിച്ച് എടുത്ത് പറയുന്നത് കേട്ടിട്ടുണ്ട്.
ഇപ്പോൾ മുസ്തഫ സംവിധാനം ചെയ്യുന ''മുറ " എന്ന ചിത്രത്തിൽ DOP Fazil Nazir നൊപ്പം ഈ ഫോക്കസ് മാന്ത്രികനെ കണ്ടു. ഗംഭീര ആക്ഷൻ രംഗങ്ങളിൽ ഒരു റീടേക്ക് പോലുമില്ലാതെ സിക്സറോട് സിക്സർ അടിക്കുന്ന കണ്ടാണ് ഞാൻ പോയി പരിചയപ്പെട്ടത്.
ചെയ്ത സിനിമകളെ കുറിച്ച് ചോദിച്ചു.കൂടെ പ്രവർത്തിച്ച സിനിമറ്റോഗ്രാഫേഴ്സിനെ കുറിച്ചും. Filmography ചുവടെ ചേർക്കുന്നു. ആദരണീയരായ മധു നീലകണ്ഠനും, രാജീവ് രവിയുമെല്ലാം ഇദ്ദേഹത്തിനെ അവരുടെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത് വെറുതെ അല്ല. ചുരുളിക്ക് ശേഷം മലൈകോട്ടൈ വാലിഭനിലും ഇദ്ദേഹം തന്നെയാണ് ഫോക്കസ് പുള്ളറായി പ്രവർത്തിച്ചത്.