പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസ്സുകാരൻ ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സന്ദർശനം. മസ്തിഷ്ക മരണം സംഭവിച്ച ഒൻപതു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ശ്രീതേജിന്റെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപ നൽകിയിരുന്നു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാംഗോപാൽപേട്ട് പൊലീസ് അല്ലു അർജുന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അല്ലു അർജുന്റെ സന്ദർശനം സംബന്ധിച്ച് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുൻ എത്തിയത്. തെലുഗു ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനും നിർമാതാവുമായ ദിൽ രാജു ഒപ്പമുണ്ടായിരുന്നു.
ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം. നേരത്തെ കുട്ടിയെ കാണാൻ അല്ലു അർജുൻ പൊലീസ് അനുമതി തേടിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാൻ എത്താവൂ എന്നും അതല്ലെങ്കിൽ സന്ദർശനം മാറ്റണം എന്നും പൊലീസ് അല്ലു അർജുനോട് നിർദേശിച്ചിരുന്നു. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യ തിയേറ്ററിൽ സംഘടിപ്പിച്ച പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീതേജ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെയാണ് അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് നരഹത്യാ കേസിൽ അല്ലു അർജുന് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.