വായനക്കാരുടെ മനസ്സിനെ മരുഭൂമിപോലെ പൊള്ളിച്ച ആടുജീവിതം വെള്ളിത്തിരയിലെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. എന്നാൽ ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷന് തെക്ക് ഭാഗത്തെ തറയിൽ വീട്ടിൽ ഷുക്കൂറെന്നു വിളിപ്പേരുള്ള നജീബിനു ഇതു കഥയല്ല. മരുഭൂമിയിൽ അനുഭവിച്ചു തീർത്ത പൊള്ളുന്ന ജീവിതമാണ്. അത് കാഴ്ചയുടെ പുത്തൻ അനുഭവമായി മാറുമ്പോൾ നജീബും വലിയ സന്തോഷത്തിലാണ്. വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ബെന്യാമിൻ്റെ ആടുജീവിതം കഥയിലെ നജീബിനെ ആർക്കും ഓർക്കാൻ കഴിയില്ല. കുടുബം പോറ്റാൻ പ്രതീക്ഷയോടെ കടൽ കടന്ന നജീബ് അവിചാരിതമായി എത്തപ്പെട്ടുപോയ മരുഭൂമിയിൽ അനുഭവിച്ച് തീർത്ത തീഷ്ണമായ ജീവിതമായിരുന്നു ആടുജീവിതം നോവലിൻ്റെ പ്രമേയം.
കഥക്ക് ശേഷം ചുട്ടുപൊള്ളുന്ന പ്രവാസ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട നൂറുകണക്കിന് ഹതഭാഗ്യരുടെ പ്രതീകമായി നജീബ് മാറി. "ആട് ജീവിതം എന്ന പ്രയോഗം ബെന്യാമിൻ എഴുതിവെച്ച നജീബിന്റെ ജീവിതത്തിലൂടെയാണ് മലയാളിക്ക് പരിചിതമായത്. പൃഥിരാജിലൂടെ നജീബ് അനുഭവിച്ച ആട് ജീവിതം കാഴ്ചയുടെ പുതിയ അനുഭവമായി മാറുമ്പോൾ വായിച്ചറിഞ്ഞതിനേക്കാൾ തീവ്രതയിൽ അത് മലയാളികളുടെ മനസ്സിൽ വേദന പടർത്തുമെന്നത് ഉറപ്പാണ്. ആടുജീവിതം സിനിമ അഭ്രപാളികളിൽ എത്താൻ മറ്റാരെക്കാളും ആകാംക്ഷയുള്ള ഒരാളുണ്ട്. അത് യഥാർത്ഥ കഥാനായകൻ നജീബ് തന്നെയാണ്. മരുഭൂമിയിൽ താൻ കരഞ്ഞ് തീർത്തതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിൻ്റെ ദൃശ്യാവിഷ്ക്കാരം കാണാൻ നജീബും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സിനിമ ഉടൻ പുറത്തിറങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ നജീബും സന്തോഷത്തിലാണ്.
ALSO READ: സീൻ മാറ്റി മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിൽ; മലയാളം സിനിമ ചരിത്രത്തിൽ ഇതാദ്യം
പൃഥിരാജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബ്ലസ്സിയാണ് ആടുജീവിതം അഭ്രപാളികളിലേക്ക് എത്തിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പാണ് ഈ ചിത്രം. പൃഥിരാജിൻ്റെയും ബ്ലസ്സിയുടെയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലാകും ഈ സിനിമയെന്ന് ഉറപ്പാണ്. അമലാ പോളാണ് നായികാവേഷത്തില്‍ എത്തുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. ബന്യാമിന്റെ ആടുജീവിതം മരുഭൂമിയിലെ നജീബിന്റെ ജീവിതമാണ് കോറിയിടുന്നത്. നായകനായ നജീബ് പിന്നീടൊരിക്കലും കടൽ കടക്കില്ലെന്നായിരിക്കും വായനക്കാർ വിശ്വസിക്കുക. എന്നാൽ താങ്ങാനാകാത്ത ജീവിത പ്രയാസങ്ങൾ നജീബിനെ വീണ്ടും മണലാരണ്യങ്ങളുടെ നാട്ടിൽ എത്തിച്ചു എന്നതാണ് കഥയുടെ ബാക്കി പത്രം.
പ്രവാസ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന ആട് ജീവിതം മനസ്സിന്റെ വിങ്ങലായി ഇന്നും അവശേഷിക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ ബഹ്‌റൈനിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മനസ്സിന് കുളിരാണ് സമ്മാനിച്ചതെന്ന് നജീബ് പറഞ്ഞു. അവിടെ വെച്ചാണ് ബന്യാമിൻ തന്റെ ജീവിത കഥ പകർത്തുന്നത്. കഥക്ക് ശേഷം കഷ്ടപ്പെടുന്ന നൂറുകണക്കിന് പ്രവാസികളുടെ പ്രതീകമായി നജീബ് മാറി. പുസ്തകം സിനിമയിലേക്കു പരിണമിക്കുമ്പോൾ പൃഥിരാജ് തന്റെ ജീവിതം എങ്ങനെ ദൃശ്യാവിഷ്കരിച്ചിരിക്കുന്നു എന്നറിയാനുള്ള ആകാംഷയിലാണ് നജീബ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.