കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60% ൽ അധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതവും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും, സി എം ഡി ആർ എഫിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ൻറെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: സിപിഎം കാട്ടാക്കട ഓഫീസ് ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ
ഇതനുസരിച്ചു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭർത്താവ് / മക്കൾ/ മാതാപിതാക്കൾ എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരൻ, സഹോദരി എന്നിവർ ആശ്രിതർ ആണെങ്കിൽ അവർക്കും ധന സഹായം ലഭിക്കും. പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാക്കാനാകും. പിന്തുടർച്ചാവകാക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂർണ്ണമായും ഒഴിവാക്കും.
വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടക ഇനത്തിൽ പ്രതിമാസ തുക അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിമാസം 6000/ രൂപവരെയാണ് വാടക ഇനത്തിൽ നൽകുക. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ പ്രതിമാസം 6000/ രൂപ ലഭിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല. മുഴുവനായി സ്പോൺസർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക്, യുണിവേഴ്സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകൾ നൽകുമ്പോൾ യാതൊരുവിധ ഫിസും ഈടാക്കാൻ പാടുള്ളതല്ല എന്നും ഉത്തരവു നൽകിയിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സഹായം നൽകേണ്ടതുണ്ട്. ഈ വിഷയത്തിൽ പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതു പോലെ പോലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരിൽ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ പ്രത്യേക മാർഗനിർദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡി.എന്‍.എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.