തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്.ഇന്നലെ സക്കീർ ഹുസൈൻ എന്ന വ്യക്തിയുടെ വള്ളത്തിലാണ് ഇവർ മത്സ്യ ബന്ധനത്തിന് പോയത്. നാലരയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ രാത്രി പതിനൊന്നോട് കൂടി തിരിച്ചെത്തേണ്ടതായിരുന്നു. അദാനിയുടെ ഡോൾഫിൻ 41 ടാങ്ക് ഉപയോഗിച്ചാണ് ഇവർക്കായ് തിരച്ചിൽ നടത്തിയിരുന്നത്.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 2022 മെയ് 14 മുതൽ 16 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉണ്ട്. അതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. കേരളാ- ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...