തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാംക്ലാസ് വിദ്യാർഥികളും (Students) ഇന്ന് സ്കൂളിലേക്ക്. ഒൻപത്, 11 ക്ലാസുകൾ ഈ മാസം 15 ആരംഭിക്കും. എട്ടാം ക്ലാസുകാർക്കും 15ന് ക്ലാസുകൾ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, നാഷണൽ അച്ചീവ്മെന്റ് സർവേ വെള്ളിയാഴ്ച തുടങ്ങുന്നതിനാലാണ് എട്ടാം ക്ലാസുകാർക്ക് (8th Standard) നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവേ നടക്കുന്നത്.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളും പത്ത്, പ്ലസ് ടു ക്ലാസുകളും നവംബർ ഒന്നിന് ആരംഭിച്ചിരുന്നു. ബയോബബിൾ മാതൃകയിൽ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ആദ്യ രണ്ട് ആഴ്ചകളിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഇതിന് ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്ത് മാറ്റങ്ങൾ വരുത്തും. ആദ്യത്തെ രണ്ടാഴ്ച ഹാജറും നിർബന്ധമാക്കിയിട്ടില്ല.
ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് നിർബന്ധമായും പിടിഎ യോഗങ്ങൾ ചേരണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നത് പത്തിനാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികൾ കൂട്ടം കൂടുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഓരോ ദിവസവും ക്ലാസുകൾ കഴിയുമ്പോൾ ക്ലാസ് മുറികൾ അണുനശീകരണം നടത്തും.
രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാകണം കുട്ടികൾ സ്കൂളിൽ എത്തിച്ചേരേണ്ടതെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഓൺലൈൻ വഴി ക്ലാസുകളിൽ പങ്കെടുക്കേണ്ട കുട്ടികൾക്ക് അതിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. 2400 തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് നൽകിയിരുന്നു. വാക്സിനെടുക്കാത്ത അധ്യാപകരോട് നിലവിൽ സ്കൂളുകളിലേക്ക് വരരുതെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...